imgകൊയിലാണ്ടി : ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാൻ മുന്നണികൾ ബലപരീക്ഷണത്തിൽ. കൊയിലാണ്ടി താലൂക്കിൽ പന്തലായിനി, മേലടി, പേരാമ്പ്ര, ബാലുശ്ശേരി എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നിലവിൽ ഈ നാലു ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫ്. ആണ് ഭരിക്കുന്നത്. ശക്തമായ മത്സരത്തിലൂടെ ഇതിൽ പകുതി സീറ്റുകളിലെങ്കിലും ഭരണം പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്ന് ബി.ജെ.പി.യും ഉറപ്പിക്കുന്നു.

പന്തലായനി ബ്ലോക്ക് രൂപവത്കൃതമായത് മുതൽ എൽ.ഡി.എഫ്. ഭരണമാണ്. പി. ധനലക്ഷ്മി ആയിരുന്നു ആദ്യ പ്രസിഡന്റ്. നിലവിൽ സി.പി.ഐ.യിലെ കെ.എം. ശോഭയാണ് പ്രസിഡന്റ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണം നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും ശക്തമായ പോരാട്ടമാണ് നടത്തുന്നത്. ബി.ജെ.പി.യും പ്രതീക്ഷയോടെ രംഗത്തുണ്ട്. പി. ബാബുരാജ്, കെ. ജീവാനന്ദൻ, കെ.ടി.എം. കോയ എന്നിവരാണ് എൽ.ഡി.എഫ്. സ്ഥാനാർഥികൾ. യു.ഡി.എഫിൽ രൂപേഷ് കൂടത്തിൽ, ലത കെ. പൊറ്റയിൽ എന്നിവർ മത്സരരംഗത്തുണ്ട്.

മേലടി ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞതവണ 13 ഡിവിഷനുകളിൽ എട്ടെണ്ണത്തിൽ എൽ.ഡി.എഫും അഞ്ച് സീറ്റുകളിൽ യു.ഡി.എഫും വിജയിച്ചു. എൽ.ജെ.ഡി. യു.ഡി.എഫിന്റെ ഭാഗത്തായിരുന്നപ്പോൾ അവർക്ക് ആറ് സീറ്റ് ഉണ്ടായിരുന്നു. ഒരുസീറ്റ് വ്യത്യാസത്തിലാണ് എൽ.ഡി.എഫ്. ഭരിച്ചത്. പിന്നീട് എൽ.ജെ.ഡി. എൽ.ഡി.എഫ്. പക്ഷത്തേക്ക് പോയപ്പോൾ അവർക്ക് എട്ടുസീറ്റിന്റെ മുൻതൂക്കം ലഭിച്ചു. നേരത്തെ പയ്യോളി ഗ്രാമപ്പഞ്ചായത്ത് ആയിരുന്നപ്പോൾ മേലടി ബ്ലോക്ക് ഭരണം യു.ഡി.എഫിന്റെ കുത്തകയായിരുന്നു. പയ്യോളി നഗരസഭയായി മാറിയതോടെ മേലടി ബ്ലോക്ക് പഞ്ചായത്തിൽനിന്നും വേർപെട്ടു. അതോടെയാണ് യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണത്തിൽ അടി തെറ്റിയത്. സുരേഷ് ചങ്ങാടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനാണ് സാധ്യത. കെ.പി. ഗോപാലൻനായരും മത്സരരംഗത്തുണ്ട്. യു.ഡി.എഫി.ൽ രാജേഷ് കീഴരിയൂർ, ഗിരിജാ മനത്താനത്ത്, കെ.പി. രമേശൻ എന്നിവർ മത്സരരംഗത്തുണ്ട്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒരിക്കൽമാത്രമേ യു.ഡി.എഫിന് ലഭിച്ചിട്ടുള്ളൂ. തുടർന്നിങ്ങോട്ട് എൽ.ഡി.എഫ്. ഭരണത്തിലാണ് ഈ ബ്ലോക്ക്. കെ.പി.സി.സി. സെക്രട്ടറിയായ സത്യൻ കടിയങ്ങാട് യു.ഡി.എഫ്. സ്ഥാനാർഥിയായി മുതുകാട് ഡിവിഷനിൽ മത്സരിക്കുന്നുണ്ട്. സി.പി.എം. പേരാമ്പ്ര ഏരിയാ സെക്രട്ടറി എൻ.പി. ബാബുവാണ് എതിർസ്ഥാനാർഥി.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാലാകാലമായി എൽ.ഡി.എഫ്. ഭരണത്തിലാണ്. സി.പി.എമ്മിലെ വി. പ്രതിഭയാണ് നിലവിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്. കൂരാച്ചുണ്ട്, പനങ്ങാട്, ഉണ്ണികുളം, ബാലുശ്ശേരി, ഉള്ളിയേരി നടുവണ്ണൂർ, കോട്ടൂർ എന്നീ പഞ്ചായത്തുകൾ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്നുണ്ട്.