Sandra Sacheendran distributing newspaperപയ്യോളി : നഗരസഭ 27-ാം ഡിവിഷനായ ഗാന്ധിനഗറിൽ മത്സരിക്കുന്ന സാന്ദ്ര സചീന്ദ്രന്റെ വോട്ടുപിടിത്തം നേരംവെളുക്കുമ്പോഴേക്കും തീരും. വോട്ടുവാർത്തകളുമായി എത്തുന്ന പത്രം സൈക്കിളിൽ വീടുകളിൽ എത്തിക്കുന്നതിനിടയിലാണ് സാന്ദ്രയുടെ വോട്ടുപിടിത്തം. സി.പി.എം. സ്ഥാനാർഥിയായ സാന്ദ്ര കഴിഞ്ഞ മൂന്നുവർഷമായി പത്രവിതരണരംഗത്തുണ്ട്. അച്ഛൻ സചീന്ദ്രൻ ‘മാതൃഭൂമി’യുടെ ബിസ്മിനഗർ എജന്റാണ്. ആ പത്രമാണ് സാന്ദ്രയും സഹോദരൻ സരാംഗും ചേർന്ന് വീടുകളിലെത്തിക്കുന്നത്. ഇതിനുശേഷമാണ് ഇവർ കോളേജിലേക്ക് പോകുന്നത്. വനിതാ സംവരണ വാർഡായതിനാൽ സ്ഥാനാർഥിയായതല്ല സാന്ദ്ര.

വെസ്റ്റ്ഹിൽ പോളിടെക്‌നിക്കിൽ എസ്.എഫ്.ഐ. പ്രതിനിധിയായി ചെയർമാൻസ്ഥാനം അലങ്കരിക്കുന്നു. ഈയിടെ റിസൽട്ട് വന്നപ്പോൾ കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. പയ്യോളി ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ് ഈ 21-കാരി. കോൺഗ്രസിലെ പള്ളിവളപ്പിൽ പത്മശ്രീയും ബി.ജെ.പി.യിലെ പാണ്ടികശാല വളപ്പിൽ സ്മിത ശ്രീകാന്തുമാണ് എതിരാളികൾ. സ്വതന്ത്രസ്ഥാനാർഥിയായി ലിജി ഹരിദാസുമുണ്ട്.