വടകര : വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ വ്യാഴാഴ്ച നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. യു.ഡി.എഫും ആർ.എം.പി.യും ചേർന്നുള്ള ജനകീയമുന്നണി നിർത്തിയ സ്ഥാനാർഥിയും കോൺഗ്രസ് സ്ഥാനാർഥിയും തമ്മിൽ സൗഹൃദമത്സരം നടത്താനുള്ള സാധ്യത ചർച്ചയ്ക്കെത്തിയ കോൺഗ്രസ് സംഘം ആരാഞ്ഞെങ്കിലും ഇത് സാധ്യമല്ലെന്ന് ജനകീയ മുന്നണി നേതാക്കൾ വ്യക്തമാക്കി.

ഇതോടെ ചർച്ച വഴിമുട്ടിയെങ്കിലും ചില നിർദേശങ്ങൾ മുതിർന്ന നേതാക്കളെകൂടി അറിയിച്ച ശേഷം പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ തുടരും. പ്രശ്‌നം പരിഹരിക്കാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിൽ കെ. മുരളീധരൻ എം.പി. ഉറച്ചുനിൽക്കുകയുംകൂടി ചെയ്യുന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചത്. മുരളീധരൻ രണ്ടാം ദിവസവും വടകര മേഖലയിൽ പ്രചാരണത്തിന് എത്തിയില്ല. തിരുവനന്തപുരത്താണ് ഇദ്ദേഹം പ്രചാരണം നടത്തുന്നത്.

യു.ഡി.എഫ്.-ആർ.എം.പി.ഐ. ധാരണപ്രകാരം കല്ലാമല സീറ്റ് ആർ.എം.പിക്കു നൽകിയതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി മത്സരരംഗത്തെത്തിയതും ഈ സ്ഥാനാർഥിക്ക് കോൺഗ്രസ് നേതൃത്വം കൈപ്പത്തി ചിഹ്നം അനുവദിച്ചതുമാണ് തർക്കങ്ങൾക്ക് വഴിയൊരുക്കിയത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഡിവിഷനാണിതെന്നത് തർക്കത്തിന് പുതിയ മാനങ്ങളും നൽകി. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ജനറൽ സെക്രട്ടറി കെ. പ്രവീൺകുമാർ തുടങ്ങിയവരാണ് വ്യാഴാഴ്ചത്തെ ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. പാറക്കൽ അബ്ദുള്ള എം.എൽ.എ. ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

നിലവിൽ ജനകീയമുന്നണി സ്ഥാനാർഥിയും കോൺഗ്രസ് സ്ഥാനാർഥിയും മത്സരരംഗത്തുള്ളതിനാൽ സൗഹൃദമത്സരമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാർഗമായി കണ്ടത്. എന്നാൽ, ഇത് ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലെയും യു.ഡി.എഫ്.-ആർ.എം.പി. സഖ്യത്തെ ബാധിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഇരുവിഭാഗത്തിനു വേണ്ടിയും കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിന് ഇറങ്ങരുതെന്ന നിർദേശം ചർച്ചയിൽ ഉയർന്നിട്ടുണ്ട്. ജനകീയമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കോൺഗ്രസിന്റെ ഉന്നതനേതാക്കളാരും പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി നേതൃത്വം പ്രചാരണത്തിന് ഇറങ്ങിയാൽ അതും സഖ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി.

യു.ഡി.എഫും ആർ.എം.പിയും ചേർന്ന് ജനകീയ മുന്നണിയായാണ് വടകര ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്കിനു കീഴിലെ നാല് പഞ്ചായത്തുകളിലും മത്സരിക്കുന്നത്. ഇതുപ്രകാരം ബ്ലോക്കിലെ കല്ലാമല ഡിവിഷൻ ആർ.എം.പി.ക്ക് നൽകി. ഇവർ സ്ഥാനാർഥിയെ നിശ്ചയിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷമാണ് കോൺഗ്രസിലെ കെ.പി. ജയകുമാർ പത്രിക നൽകിയത്. പിന്നാലെ ഡി.സി.സി. ജയകുമാറിന് കൈപ്പത്തി ചിഹ്നം നൽകി.

ഇതിനെ വിമർശിച്ചുകൊണ്ട് കെ. മുരളീധരൻ എം.പി. രംഗത്തെത്തിയതോടെയാണ് വിഷയം സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലും ചലനംസൃഷ്ടിച്ചത്. ഇൗ വിഷയം പരിഹരിക്കാതെ താൻ ഈ ഭാഗത്ത് പ്രചാരണത്തിന് എത്തില്ലെന്നാണ് മുരളീധരന്റെ നിലപാട്. ഇതിനെ വിമർശിച്ച് വ്യാഴാഴ്ച കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.

ആർ.എം.പിയിൽ ആശയക്കുഴപ്പമില്ല

: കല്ലാമലയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആർ.എം.പിയിൽ ആശയക്കുഴപ്പമൊന്നുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു. പാർട്ടി നിർത്തിയ സ്ഥാനാർഥിയുമായി മുന്നോട്ടുപോകും. മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുമൂലം ഇല്ലെന്നും വേണു വ്യക്തമാക്കി.