അഴിയൂർ : അഴിയൂരിൽ ആർ.എം.പി.ഐ. പ്രവർത്തകൻ അമിത് ചന്ദ്രനെ കാറിടിച്ച സംഭവം ആസൂത്രിതമാണെന്ന് പരാതി. കാറിടിച്ച് കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അമിത്തിന്റെ ബന്ധുക്കൾ കോഴിക്കോട് റൂറൽ എസ്.പി.ക്കും ചോമ്പാല പോലീസിലും പരാതി നൽകി.

അമിത് ചന്ദ്രനും സഹപ്രവർത്തകർക്കും നേരെ സി.പി.എം. വധഭീഷണി മുഴക്കിയിരുന്നെന്ന് ആർ.എം.പി.യും ആരോപിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് അമിത് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചത്. അഴിയൂർ- മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ അമിത് കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനുശേഷമാണ് മനഃപൂർവമാണ് കാറിടിച്ചതെന്ന പരാതി ഉയർന്നത്. ഇതുപ്രകാരം പോലീസിൽ മൊഴി നൽകുകയും ചെയ്തു. പരാതി കിട്ടിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും ചോമ്പാല പോലീസ് അറിയിച്ചു. കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാർ ഓടിച്ചിരുന്നവരെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.