കിനാലൂർ എസ്റ്റേറ്റ് (ബാലുശ്ശേരി):‘‘പന്നി ബാക്കിവെച്ചാലേ വല്ലതും കിട്ടൂ...’’ -അറുപതേക്കറിലെ കൈതച്ചക്കക്കൃഷിയുടെ മേൽനോട്ടക്കാരനായ പീറ്ററിന്റെ വാക്കുകളിൽ ഓർക്കാപ്പുറത്ത് തിരിച്ചടിനേരിട്ട കർഷകരുടെ മുഴുവൻ സങ്കടമുണ്ട്. മൂവാറ്റുപുഴ ആവോലി പഞ്ചായത്തുകാരനായ എ.സി. പീറ്റർ രണ്ടുവർഷമായി കിനാലൂർ എസ്റ്റേറ്റിലെ ഈ കൈതച്ചക്കക്കൃഷിയുടെ സൂപ്പർവൈസറും ഡ്രൈവറുമൊക്കെയായി ഇവിടെയുണ്ട്.

നാട്ടിൽ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ തകർക്കുന്നുണ്ടെങ്കിലും അതിലൊന്നുമല്ല ഈ മനുഷ്യന്റെ മനസ്സ്. ‘‘സ്ഥാനാർഥികളാരാണെന്നൊന്നും അന്വേഷിച്ചിട്ടില്ല. വോട്ടാകുമ്പോൾ പോകണം. അത്രതന്നെ’’ -അദ്ദേഹം പറഞ്ഞു.

കോവിഡ് കാരണം കഴിഞ്ഞ ആറേഴുമാസമായി കൃഷിയിടത്തിലേക്കു വരാൻ കഴിഞ്ഞിരുന്നില്ല. അത് പന്നികൾക്ക് നല്ല തക്കമായി. കാടും പടലും മാറ്റി കൃഷി വീണ്ടെടുക്കൽ ഇരട്ടിച്ചെലവുള്ള ജോലിയുമായി. പത്തനംതിട്ട സ്വദേശി പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിയുടെ നോട്ടക്കാരനാണ് പീറ്റർ.

25 തൊഴിലാളികളുണ്ട്. അവരിൽ ഏഴുപേരെയാണ് കാടും പടലും വെട്ടി വൃത്തിയാക്കാൻ എത്തിച്ചിട്ടുള്ളത്. എല്ലാവരും സ്ത്രീകൾ. രാവിലെ ഏഴരയ്ക്കുവന്നാൽ വൈകീട്ട് മൂന്നരവരെ ജോലിയാണ്. അതിനിടയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ ആലോചിക്കാൻ എവിടെ നേരം?

കല്പറ്റ മണിയങ്കോട് സ്വദേശി ഷീജയ്ക്ക് നാട്ടിൽ ആരൊക്കെയാണ് സ്ഥാനാർഥികളെന്ന് അറിയില്ല. അഞ്ചുവർഷമായി ഭർത്താവ് വിനുവിനും മകൾ ദിയയ്ക്കുമൊപ്പം അടിവാരത്ത് ക്വാർട്ടേഴ്‌സിലാണ് താമസം. ‘‘വോട്ടുചെയ്യാറൊക്കെയുണ്ട്. ഇത്തവണ ആരൊക്കെയാണെന്ന് അറിയില്ല’’ -ഷീജയുടെ വാക്കുകൾ.

കോവിഡ് കാരണം ആറുമാസത്തിലേറെയായി ജോലിയൊന്നുമില്ലാത്തതിന്റെ പ്രയാസങ്ങൾ കടന്നാണ് ഇവരൊക്കെ വീണ്ടും പണിക്കിറങ്ങിയിരിക്കുന്നത്. വയനാട് സുഗന്ധഗിരിക്കാരിയായ സരസു ഇപ്പോൾ പുതുപ്പാടിയിൽ മകൾക്കൊപ്പമാണ് താമസം. ‘‘പൊഴുതന പഞ്ചായത്തിലാണ് വോട്ട്. പോകാനാവുമോ എന്നറിയില്ല.’’

പുതുപ്പാടിക്കാരിയായ തങ്കയ്ക്ക് വയസ്സ് അറുപതുകഴിഞ്ഞു. സ്ഥാനാർഥികളെയൊക്കെ അറിയാം. അതേ നാട്ടുകാരായ മീനാക്ഷിയും സരോജിനിയും സന്ധ്യയും ജാനുവുമൊക്കെ തിരഞ്ഞെടുപ്പിന്റെ ബഹളങ്ങൾ അറിയുന്നുണ്ട്. എങ്കിലും പണിയും കൂലിയുമില്ലാത്ത നാളുകളെക്കുറിച്ചുള്ള പേടി വിട്ടുമാറാത്തതിനാൽ അതിലേക്കൊന്നും മനസ്സുകൊടുക്കാനാവുന്നില്ല...