പാരഡിയിൽ സെഞ്ചുറിയടിച്ച് ഉണ്ണിമോൾകുന്ദമംഗലം: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചാരണരംഗം കൊഴുപ്പിക്കാൻ മുന്നണികൾ പല അടവുകളും പയറ്റും. അതിലൊന്നാണ് പാരഡിപ്പാട്ടുകൾ. വ്യത്യസ്ഥങ്ങളായ പാട്ടുകൾ പാരഡികളാക്കി ഇറക്കിയാണ് പാർട്ടിക്കാർ വോട്ടർമാരെ സ്വാധീനിക്കുന്നത്. ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാരഡി പാടി അതിവേഗ സെഞ്ച്വറിയടിച്ചിരിക്കുകയാണ് പന്തീർപ്പാടം ആമ്പ്രമ്മൽ സ്വദേശിയായ ഉണ്ണിമോൾ.

24 ദിവസത്തിനുള്ളിൽ 100 തിരഞ്ഞെടുപ്പ് പാട്ടുകളാണ് ഈ ഇരുപത്തിയെട്ടുകാരി പാടിത്തീർത്തത്. 20 പാട്ടുകൾ പാടാനുമുണ്ട്. എല്ലാ മുന്നണികൾക്കും വേണ്ടി ഉണ്ണിമോൾ പാടുന്നു. ഹമീദ് പൂവാട്ടുപറമ്പ്, ബാബുജി കുന്ദമംഗലം എന്നിവരാണ് വരികളൊരുക്കുന്നത്. കുറ്റിക്കാട്ടൂരിലെ നാസ് സ്റ്റുഡിയോയിലാണ് പാട്ടുകൾ റിക്കോർഡ് ചെയ്യുന്നത്.

നാല് വയസ്സുമുതലാണ് ഉണ്ണിമോൾ പാട്ടുപഠിക്കാൻ തുട ങ്ങിയത്. കടുത്തുരുത്തി ടി.ആർ. രാധാകൃഷ്ണനായിരുന്നു ഗുരു. 2007-ലെ സ്റ്റാർസിങ്ങറിൽ പങ്കെടുത്തു. 300 ആൽബങ്ങളിൽ പാടിക്കഴിഞ്ഞു. സിനിമക്ക് വേണ്ടി ട്രാക്കുകളും പാടിയിട്ടുണ്ട്. എന്റെ ബാല്യകാലസഖി എന്ന സിനിമയ്ക്കാണ് ആദ്യമായി ട്രാക്ക് പാടിയത്. ചെറുപ്രായത്തിൽ കോഴിക്കോട് ടാഗോർ ഹാളിൽ യേശുദാസിനൊപ്പം പ്രാർഥന ആലപിച്ചിട്ടുണ്ട്. ചിത്ര, സുജാത, വേണുഗോപാൽ, ബിജു നാരായണൻ, ജ്യോത്സന, സിത്താര, അഫ്‌സൽ, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പവും പാടാൻ അവസരം ലഭിച്ചു. കലാഭവൻ മണിക്കൊപ്പം പാടിയത് ഇന്നും നല്ല ഓർമയാണെന്ന് ഉണ്ണിമോൾ പറയുന്നു. കോട്ടയം കൊല്ലാട്ട് വിഷ്ണുവാണ് ഭർത്താവ്. രണ്ട് വയസ്സുള്ള ഗൗരി മകളാണ്.