നാദാപുരം: വിലങ്ങാട് ആലിമൂലയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരുമാസം കഴിയുമ്പോൾ നൊമ്പരവും വേദനയും കടിച്ചമർത്തി ഒാണമുണ്ണാനൊരുങ്ങുകയാണ് ദുരിതബാധിതർ. കഴിഞ്ഞ മാസം എട്ടിന് അർധരാത്രിയാണ് വിലങ്ങാട് നാലിടത്തായി ഉരുൾപൊട്ടിയത്.

ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിച്ചു. മൂന്ന് വീടുകൾ നിന്നിരുന്ന സ്ഥലംപോലും കാണാതായി. 21 കുടുംബങ്ങളുടെ വീടുകൾ ഉപയോഗ്യശൂന്യമായി. ഇവർ ഇപ്പോഴും ബന്ധുവീടുകളിലും കുടുംബവീടുകളിലുമായി കഴിഞ്ഞുകൂടുകയാണ്. ഇപ്പോഴും ആലിമൂലയും പരിസരവും ഉരുൾപൊട്ടൽ ഭീഷണിയിലാണെന്നാണ് സ്ഥലംസന്ദർശിച്ച വിദഗ്ദരുടെ അഭിപ്രായം.

സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും നിറഞ്ഞ പിന്തുണ ഉരുൾപൊട്ടൽ ബാധിതരായവർക്ക് ലഭിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും വിലങ്ങാട് സന്ദർശിച്ച് സാന്ത്വനവും സഹായവും കൈമാറി.

മരിച്ച ബെന്നിയുടെയും ദാസന്റെയും കുടുംബത്തിന് കെ.പി.സി.സി. അഞ്ചുലക്ഷം രൂപ സഹായം നൽകി. ഡി.സി.സി.യുടെ നേതൃത്വത്തിൽ ദാസന്റെ കുടുംബത്തിന് വീട് നിർമിക്കാനുള്ള സ്ഥലത്തിന്റെരേഖ രാഹുൽഗാന്ധി എം.പി. കുടുംബത്തിന് കൈമാറി. ബെന്നിയുടെ കുടുംബത്തിന് വീടുനിർമിച്ച് നൽകുമെന്ന് സി.പി.ഐ. മണ്ഡലം കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.