കൊടിയത്തൂർ: പ്രളയത്തിൽ വീടുകൾക്കുമേൽ ഇടിഞ്ഞുവീണ കല്ലുംമണ്ണും ഇനിയും നീക്കംചെയ്തില്ല. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കൊളക്കാടൻ സാദിഖലി, പരപ്പിൽ അപ്പുണ്ണി എന്നിവരുടെ വീടുകളാണ് അപകടഭീഷണി നേരിടുന്നത്. വീടുകളുടെ നിലനിൽപ്പിന് ഭീഷണിയായ മണ്ണ് നീക്കംചെയ്യാൻ വൻതുക റോയൽറ്റി നൽകി അനുമതി വാങ്ങണമെന്ന മൈനിങ്‌ ആൻഡ് ജിയോളജി വകുപ്പിന്റെ നിലപാടാണ് പ്രശ്നമായത്.

2018 ജൂൺ 24-നാണ് ഇരുവരുടെയും വീടുകളിലേക്ക് ഉയരംകൂടിയ മൺതിട്ട ഇടിഞ്ഞുവീണത്. വൻതോതിൽ കൃഷിനാശവും നേരിട്ടു. ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യാനും ഇനിയും ഇടിഞ്ഞുവീഴാൻ സാധ്യതയുള്ള മൺതിട്ട വീടിനുമുകളിൽ പതിച്ചേക്കാവുന്ന അപകടം ഒഴിവാക്കാനും സഹായംതേടി ഇരുവരും കളക്ടർക്ക് അപേക്ഷ നൽകി. കൊടിയത്തൂർ വില്ലേജ് ഓഫീസർ അടക്കമുള്ളവർ സ്ഥലപരിശോധന നടത്തി അപകടാവസ്ഥ ബോധ്യപ്പെടുകയും റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, അപകടം നടന്ന് ആറുമാസക്കാലം ആരും തിരിഞ്ഞുനോക്കിയില്ല.

ഇക്കഴിഞ്ഞ ജനുവരി 11-നാണ് ജില്ലാ ജിയോളജിസ്റ്റ് സ്ഥലപരിശോധനയ്ക്കെത്തിയത്. ജനുവരി 14-ന് ജിയോളജി വകുപ്പ് ഇറക്കിയ ഉത്തരവിൽ 300 ലോഡ് മണ്ണ് നീക്കംചെയ്യാമെന്നും 30,000 രൂപ റോയൽറ്റി അടച്ച് അനുവാദം വാങ്ങണമെന്നും നിർദേശിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളിൽ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് നീക്കംചെയ്യലും വയലുകളും തണ്ണീർത്തടങ്ങളും നികത്തലും പാറപൊട്ടിക്കലുമെല്ലാം നിർബാധം നടക്കുമ്പോഴാണ് വീടുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിനിൽക്കുന്ന ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യാൻ പിഴയൊടുക്കണമെന്ന വിചിത്രനിലപാട് അധികൃതർ സ്വീകരിക്കുന്നത്. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇരുവരും വീണ്ടും കളക്ടർക്ക് പരാതിനൽകി കാത്തിരിക്കുകയാണ്.