വടകര: തീപാറും പോരാട്ടം ഇവിടെയാണ്- അഴിയൂര്‍, ചോറോട്, എടച്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രാഷ്ട്രീയസാഹചര്യവും മുന്നണിസമവാക്യങ്ങളുമെല്ലാം മാറിമറിഞ്ഞ മണ്ണാണിത്.

2015-ല്‍ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന എല്‍.ജെ.ഡി. ഇപ്പോള്‍ എല്‍.ഡി.എഫില്‍. അന്ന് ചില ഡിവിഷനുകളില്‍ മാത്രം യു.ഡി.എഫുമായി ധാരണയുണ്ടാക്കിയ ആര്‍.എം.പി.ഐ. ഇന്ന് ജനകീയമുന്നണി എന്ന പേരില്‍ യു.ഡി.എഫിനൊപ്പം.

ഈ മാറ്റങ്ങള്‍ ആരെ തുണയ്ക്കുമെന്ന് കണ്ടുതന്നെ അറിയണം. ഇരുമുന്നണികളും ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. കരുത്ത് കൂടിയിട്ടുണ്ടെന്ന് തെളിയിക്കാനുള്ള പോരാട്ടമാണ് എന്‍.ഡി.എ.യ്ക്കിത്. മറ്റ് സ്ഥലങ്ങളില്‍നിന്ന് ഈ മൂന്ന് ഡിവിഷനുകളും ശ്രദ്ധേയമാകുന്നത് ആര്‍.എം.പി.യുടെ സ്വാധീനമേഖലയായതുകൊണ്ടാണ്. പിന്നെ സോഷ്യലിസ്റ്റുകളുടെ തട്ടകവും.

എടച്ചേരി ഡിവിഷൻ

കാലങ്ങളായി ഇടതുപക്ഷത്തിന്റെ കുത്തകയാണ് എടച്ചേരി ഡിവിഷൻ. കഴിഞ്ഞതവണ എൽ.ഡി.എഫ്. സ്ഥാനാർഥി 3596 വോട്ടുകൾക്കാണ് ജയിച്ചത്. യു.ഡി.എഫ്- ആർ.എം.പി. ധാരണപ്രകാരം ആർ.എം.പി.യായിരുന്നു അന്ന് എതിരാളി. ഇത്തവണ യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങുന്നത് മുസ്‌ലിംലീഗാണ്. മറുവശത്ത് സി.പി.എമ്മും. ഇരുമുന്നണികൾക്കും ബി.ജെ.പി.ക്കും വേണ്ടി മത്സരിക്കുന്നത് അധ്യാപകരാണൈന്ന പ്രത്യേകതയുമുണ്ട്.

പുറമേരി, എടച്ചേരി, ഇരിങ്ങണ്ണൂർ, തൂണേരി, പാറക്കടവ്, കല്ലുനിര എന്നീ ബ്ലോക്ക് ഡിവിഷനുകളാണ് എടച്ചേരിക്കു കീഴിൽ വരുന്നത്. ആർ.എം.പി. ഇവിടെ വലിയ ശക്തിയൊന്നുമല്ലെങ്കിലും ചില പോക്കറ്റുകളിൽ മോശമല്ലാത്ത സ്വാധീനമുണ്ട്. ഇതിൽ യു.ഡി.എഫ്. പ്രതീക്ഷയർപ്പിക്കുന്നു. മുസ്‌ലിംലീഗിന് ആധിപത്യമുള്ള പ്രദേശങ്ങളാണ് യു.ഡി.എഫിനെ മറ്റൊരു പ്രതീക്ഷ. അവിടങ്ങളിൽ ലീഡ് വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ, അതിനെ മറികടക്കാവുന്ന മുന്നേറ്റം നടത്താൻ കഴിയുമെന്നുതന്നെയാണ് സി.പി.എം. പ്രതീക്ഷ.

അഞ്ചുവർഷത്തെ വികസനനേട്ടങ്ങൾ തന്നെയാണ് പ്രധാന ആയുധം. 11.50 കോടിയുടെ വികസനങ്ങളാണ് അഞ്ചുവർഷത്തിനിടെ നടന്നത്. ഒപ്പം സർക്കാരിന്റെ നേട്ടങ്ങളും നിരത്തുന്നു. മറുവശത്ത് യു.ഡി.എഫ്. സ്ഥാനാർഥി പ്രധാനമായും ഉയർത്തിക്കാട്ടുന്നത് യുവാക്കൾക്കായി കളിക്കളം ഇല്ലെന്ന വിഷയമാണ്. ഒപ്പം കുടിവെള്ളപ്രശ്നവും ഗതാഗതപ്രശ്നവുമെല്ലാം ചർച്ചയാക്കുന്നു. ബി.ജെ.പി. കഴിഞ്ഞതവണ നേടിയത് 5443 വോട്ടാണ്. ഇത് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സജീവമാണ് ബി.ജെ.പി.യും. അഴിയൂർ, ചോമ്പാല, കല്ലാമല, കണ്ണൂക്കര, മടപ്പള്ളി, നെല്ലാച്ചേരി, കുന്നുമ്മക്കര, ഓർക്കാട്ടേരി ബ്ലോക്ക് ഡിവിഷനുകൾ ചേർന്നതാണ് അഴിയൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞതവണ യു.ഡി.എഫിലെ എ.ടി. ശ്രീധരനാണ് വിജയിച്ചത്. പിന്നീട് എൽ.ജെ.ഡി. എൽ.ഡി.എഫിന്റെ ഭാഗമായതോടെ ഇദ്ദേഹവും എൽ.ഡി.എഫിലെത്തി.