മുസ്‌ലിംലീഗിന്റെ കോട്ട പൊളിച്ച് വിജയം നേടിയാണ് അഹമ്മദ് ദേവർകോവിൽ ആദ്യഅങ്കത്തിൽ നിയമസഭയിലെത്തുന്നത്. ഐ.എൻ.എൽ. എന്ന രാഷ്ട്രീയകക്ഷി 27 വർഷം ഇടതുമുന്നണിയോടുകാണിച്ച കൂറിനുള്ള പ്രതിഫലമായി മന്ത്രിസഭാംഗത്വവും ലഭിച്ചു. വിദ്യാർഥിയായിരുന്ന കാലംമുതൽ വിശ്വസിച്ചിരുന്ന ആദർശങ്ങൾക്ക് വൈകിക്കിട്ടിയ പ്രതിഫലമാണ് അഹമ്മദ് ദേവർകോവിലിന് ഇത്.

കോഴിക്കോട് സൗത്തിൽ മുസ്‌ലിംലീഗിന്റെ നൂർബിന റഷീദിനെ 12,459 വോട്ടിനാണ് അഹമ്മദ് ദേവർകോവിൽ പരാജയപ്പെടുത്തിയത്. ലീഗിന്റെയും യു.ഡി.എഫിന്റെയും എല്ലാ പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു ആ പരാജയം. എന്നാൽ, ഇബ്രാഹിം സുലൈമാൻ സേഠ് മുസ്‌ലിം ലീഗിനോട് കലഹിച്ച് ഐ.എൻ.എൽ. രൂപവത്കരിച്ച കാലം മുതൽ അതിനൊപ്പംനിന്ന അഹമ്മദ് ദേവർകോവിലിന് ഇതൊരു മധുരപ്രതികാരമാണ്. മുസ്‌ലിംലീഗിനുള്ളിൽ പുകയുന്ന അതൃപ്തി പുതിയ ധ്രുവീകരണം സൃഷ്ടിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ന്യൂനപക്ഷവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നത് ഇടതുരാഷ്ട്രീയം മാത്രമാണെന്ന തിരിച്ചറിവാണ് ഇത്തവണത്തെ വിജയത്തിനുപിന്നിലെ നിർണായകശക്തിയെന്ന വിലയിരുത്തലുമുണ്ട്.

കുറ്റ്യാടിക്കടുത്ത ദേവർകോവിലിൽ ജനിച്ച് ദീർഘകാലം മുംബൈയിൽ ട്രാവൽ ഏജൻസി നടത്തി ഇപ്പോൾ കോഴിക്കോട് ജവഹർനഗറിൽ താമസിക്കുന്ന അഹമ്മദ് ദേവർകോവിലിന് രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗംതന്നെയായിരുന്നു. എം.എസ്.എഫിലൂടെയാണ് വിദ്യാർഥി രാഷ്ട്രീയത്തിലെത്തിയത്. യൂത്ത് ലീഗിന്റെയും മുസ്‌ലിംലീഗിന്റെയും പലതലങ്ങളിലുള്ള ഭാരവാഹിയായി. ബോംബെ മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി, ബോംബെ മലയാളി സമാജം സെക്രട്ടറി, മഹാരാഷ്ട്ര മുസ്‌ലിംലീഗിന്റെ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക ചെയർമാൻ എന്നിങ്ങനെ പല ഉത്തരവാദിത്വങ്ങൾ. ഇപ്പോൾ ഐ.എൻ.എൽ. ജനറൽ സെക്രട്ടറിയാണ്.

അഹമ്മദ് ദേവർകോവിൽ മന്ത്രിയായതിൽ സന്തോഷമുണ്ടെന്ന് ഭാര്യ സാബിറ അഹമ്മദും മക്കളായ ഷഫി മോനിഷ് അഹമ്മദും തൻസിഹ ഷെർവിനും പറഞ്ഞു. നാട്ടുകാർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യണമെന്നാണ് അദ്ദേഹം എപ്പോഴും പറയാറ്. അത് ചെയ്യും. സത്യപ്രതിജ്ഞയുടെ സന്തോഷം പങ്കിടാനായി കുടുംബാംഗങ്ങൾ ബുധനാഴ്ച തിരുവനന്തപുരത്തേക്കു തിരിക്കും.