എലത്തൂർ : സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായിരുന്ന കേളപ്പജിയുടെ പേരിലുള്ള കോരപ്പുഴയിലെ കേളപ്പജി പാലത്തിന് ഉചിതമായ കവാടം ഇനിയുമായില്ല.

മാതൃഭൂമി നടത്തിയ പ്രചാരണവും തുടർന്ന് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നുയർന്ന അഭിപ്രായവും പരിഗണിച്ച് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ പാലത്തിന് കേളപ്പജിയുടെ പേര് നൽകി ഉത്തരവിറക്കിയിരുന്നു.

മന്ത്രി എ.കെ. ശശീന്ദ്രൻ ജനാഭിപ്രായം മുഖ്യമന്ത്രിയുടെയും അന്നത്തെ പൊതുമരാമത്തുവകുപ്പുമന്ത്രിയുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതോടെയായിരുന്നു അനുകൂലതീരുമാനമുണ്ടായത്. എന്നാൽ, പുനർനിർമിച്ച പാലത്തിന് കേളപ്പജിയുടെ പേരിലുള്ള കവാടം നിർമിക്കുമെന്ന വാഗ്ദാനം നടപ്പാക്കാൻ ഇതുവരെ നടപടിയായിട്ടില്ല.

മാതൃഭൂമി പത്രാധിപരായിരുന്ന കേളപ്പജി മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായിരുന്ന കാലത്താണ് കോരപ്പുഴയിലെ പഴയപാലം നിർമിച്ചത്. കോരപ്പുഴ കടന്നാൽ ജാതിഭ്രഷ്ട് കല്പിക്കപ്പെടുന്ന കാലമായിരുന്നു അത്. 1940-ൽ പാലം നിർമാണംപൂർത്തിയായപ്പോൾ സമീപത്തുകൂടെ ആദ്യം കടന്നുവന്ന കാളവണ്ടിയെ കടത്തിവിട്ടാണ് കേളപ്പജി പാലം തുറന്നുകൊടുത്തത്. മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായിരുന്നിട്ടും പാലത്തിന്റെ ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്താനും അദ്ദേഹം സമ്മതിച്ചില്ലെന്നാണ് ചരിത്രം.

മഹനീയമായ മാതൃക കാണിച്ച ചരിത്രപുരുഷന്റെ ഓർമകൾ പുതിയ തലമുറയ്ക്ക് കൈമാറാൻ കവാടത്തോടൊപ്പം പാലത്തിന് സമീപത്തായിസ്മൃതി രേഖപ്പെടുത്തുന്ന ഫലകവും നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Content Highlights: Kelappaji bridge in korappuzha need entry point