കുറ്റ്യാടി : കായക്കൊടി പഞ്ചായത്തിലെ പ്രധാന റോഡിൻറെ രണ്ടുകിലോമീറ്റർ ഭാഗം സർക്കാർ രേഖകളിൽനിന്ന്‌ ‘അപ്രത്യക്ഷ’മായി. അതിനാൽ ഈ റോഡിന് അറ്റകുറ്റപ്പണിക്കും മറ്റും സർക്കാർ ഫണ്ടൊന്നും ലഭിക്കുന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ്് കാടുമൂടിയ നിലയിലാണിപ്പോൾ റോഡ്. ആടിയുലഞ്ഞ് ഓടുന്ന ജനകീയം ജീപ്പുകളാണ് പ്രദേശവാസികളുടെ യാത്രയ്ക്ക് ആശ്രയം. വട്ടോളി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തു നിന്ന്‌ തുടങ്ങി പാതിരിപ്പറ്റ വഴി കരിങ്ങാട് നടയിലെത്തുന്ന ആറ് കിലോമീറ്റർ റോഡിന്റെ (വട്ടോളി-കരിങ്ങാട് നട റോഡ്) രണ്ട് കിലോമീറ്റർ ഭാഗമാണ് രേഖകളിൽ നിന്ന്‌ കാണാതായിരിക്കുന്നത്. ചെളിയിൽ തോടുമുതൽ നെടുമണ്ണൂർവരെയുള്ള ഭാഗമാണ് രേഖകളിലില്ലാത്തത്. കാൽ നൂറ്റാണ്ടു മുമ്പാണ് റോഡ് അവസാനമായി ടാറിങ് നടത്തിയത്.

നേരത്തേ ജില്ലാ പഞ്ചായത്ത് അധീനതയിലുണ്ടായിരുന്ന റോഡിന് ഫണ്ടനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് പിന്നീട് ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്‌ (റോഡ്‌സ് വിഭാഗം) കൈമാറ്റം ചെയ്തതായി പറയുന്നു. അതോടെയാണ് രണ്ടു കിലോമീറ്റർ ഭാഗം രേഖകളിൽ കാണാതായിരിക്കുന്നത്. സ്ഥലത്തെ ഗ്രാമശ്രീ സ്വയംസഹായസംഘം പ്രവർത്തകർ ഈ റോഡിന് ഫണ്ട് ലഭ്യമാക്കാൻ രംഗത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വെളിച്ചത്തുവരുന്നത്. പൊതുമരാമത്ത് വകുപ്പിൽ അന്വേഷിച്ചപ്പോൾ നാലു കിലോമീറ്റർ റോഡ്‌ മാത്രമാണ് രേഖയിലുള്ളതെന്ന് മനസ്സിലായി. പിന്നീട് ഫണ്ട് ലഭിക്കാൻ എം.എൽ.എ.യെ സമീപിച്ചപ്പോഴും സംഘം പ്രവർത്തകർക്ക് ഇതേ മറുപടിയാണ് കിട്ടിയത്. രേഖകളിൽ കാണാനില്ലാത്ത റോഡ് കായക്കൊടി പഞ്ചായത്തിലെ അവികസിത പിന്നാക്ക പ്രദേശങ്ങളിൽക്കൂടിയാണ് കടന്നുപോകുന്നത്. കുന്നുമ്മൽ നരിപ്പറ്റ പഞ്ചായത്തുകളിൽപ്പെടുന്ന ബാക്കി ഭാഗം റോഡിന് ഫണ്ടനുവദിച്ച് അറ്റകുറ്റപ്പണികൾ നടന്നുവരുകയാണ്. ഈ റോഡുവഴി നേരത്തേ ബസ് സർവീസുണ്ടായിരുന്നു. ഇപ്പോൾ പൂത്തറ ഭാഗത്തുനിന്നുള്ള ജനകീയ സൊസൈറ്റിയുടേതുൾപ്പെടെ ഏഴ് ജീപ്പുകൾ സർവീസ് നടത്തുന്നുണ്ട്. കായക്കാടി പഞ്ചായത്തിലെ പൂത്തറ, ചളിയിൽ തോട്, കരിങ്ങാട് നട, വള്ളിൽത്തറ, വണ്ണാത്തിപ്പൊയിൽ പ്രദേശങ്ങളിലെ നൂറുകണക്കിന്‌ സാധാരണ കർഷകരും തൊഴിലാളികളുമാണ് ഈ റോഡിന്റെ ഗുണഭോക്താക്കൾ.