അരൂർ: ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ ട്രംപിന്റെ മുന്നിൽനിന്ന് രാജ്യത്തിന്റെ ദാരിദ്ര്യത്തിന്റെ അടയാളം മറയ്ക്കാനുള്ള ശ്രമത്തിലാണ് മോദിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ പറഞ്ഞു. അടിയന്തിരാവസ്ഥയിൽപോലും ഭരണാധികാരി ചെയ്യാത്ത നടപടികളാണ് മോദി രാജ്യത്ത് നടപ്പാക്കുന്നതെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു.

അടിയന്തിരാവസ്ഥയിൽ വർഗീയത അജൻഡയേയുണ്ടായിരുന്നില്ല. മതത്തെ അവർ കൂട്ടുപിടിച്ചിട്ടേ ഇല്ല. മതേതരരാജ്യമായി തുടരുന്നതിന് വിരോധം നിന്നിട്ടുമില്ല. എന്നാലിപ്പോൾ എല്ലാം മാറുകയാണ്. മോദി ഹിന്ദുരാജ്യത്തിനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരൂരിൽ സാസംസ്കാരികക്കൂട്ടായ്മ സംഘടിപ്പിച്ച സാംസ്കാരികപ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വനിയമഭേദഗതിയിലൂടെ ഒരുവിഭാഗത്തെ മാറ്റിനിർത്തുകയാണ്. ആദ്യമായാണ് ഇങ്ങനെ മാറ്റിനിർത്തലുണ്ടാകുന്നത് -അദ്ദഹം പറഞ്ഞു. ടി.പി. കുട്ടിശങ്കരൻ അധ്യക്ഷനായി. ഡോ. കെ.എ. ഭരതൻ, കെ.ടി. അബ്ദുറഹിമാൻ, അഭിലാഷ് തിരുവോത്ത്, കെ. സജീവൻ, കരിക്കീറി നാണു, കോറോത്ത് ശ്രീധരൻ, എം.ടി. ശ്രീജേഷ് എന്നിവർ സംസാരിച്ചു.