കല്ലാച്ചി: വേനലിൽ മയ്യഴിപ്പുഴ വറ്റിയതിനെത്തുടർന്ന് വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഉത്‌പാദനം നിലച്ചിട്ട് നാലുമാസം പിന്നിട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജനുവരിയോടെതന്നെ ആവശ്യത്തിന് വെള്ളം ലഭിക്കാതായതിനാലാണ് വൈദ്യുതി ഉത്‌പാദനം നിർത്തിവെച്ചത്.

കാലവർഷവും വിലങ്ങാട് പദ്ധതിക്ക് തിരിച്ചടിയായി. മലവെള്ളപ്പാച്ചിലിൽ പാനോത്തെയും വാളൂക്കിലെയും തടയണകളിൽ ഒലിച്ചിറങ്ങിയ മണ്ണും പാറക്കൂട്ടങ്ങളും തടയണ നിറച്ചു. മാലിന്യം കനാൽവഴി ഫേർബെയിലെത്തി വൈദ്യുത ഉത്‌പാദനം പലപ്പോഴായി നിർത്തിവെക്കേണ്ടി വരികയും ചെയ്തിരുന്നു. മോട്ടോർ തകരാറിലായതിനാൽ ഉത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തു.

കാലവർഷം ദുർബലമായ കഴിഞ്ഞ വർഷം 15 മില്യൻ യൂണിറ്റ് വൈദ്യുതി ഇവിടെനിന്ന് ഉത്‌പാദിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ 9 മില്ല്യൻ യൂണിറ്റിനടുത്ത് മാത്രമെ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞുള്ളു. വിലങ്ങാട് പദ്ധതിയിൽ 2.5 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള മൂന്ന് ജനറേറ്ററുകളാണുള്ളത്.

മണിക്കൂറിൽ 7500 യൂണിറ്റ് വൈദ്യുതിയാണ് ഒരു ജനറേറ്ററിൽ നിന്ന് ഉത്‌പാദിപ്പിക്കുന്നത്. വിലങ്ങാട് പദ്ധതിയിലെ യന്ത്രത്തകരാറും മറ്റും യഥാസമയം പരിഹരിച്ചാൽ മികച്ച ഉത്‌പാദനം നടത്തി ഒരു പരിധിവരെ വൈദ്യുതിക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. ഇവിടെനിന്ന് ഉത്‌പാദിപ്പിച്ച വൈദ്യുതി ഭൂഗർഭ കേബിളുകൾവഴി നാദാപുരം ചീയ്യൂരിലെ സബ് സ്റ്റേഷനിലെത്തിച്ച് പൊതുഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം നടത്തുന്നത്.

ഇത്തവണ കനാൽ, ഫേർബെ, തടയണ എന്നിവിടങ്ങളിൽ ശുചീകണം നടത്തിയിട്ടുണ്ട്. കുറ്റ്യാടി, തൊട്ടിൽപ്പാലം മേഖലകളിൽ വേനൽ മഴ ശക്തമായി ലഭിച്ചെങ്കിലും വിലങ്ങാട്, വളയം മലയോരത്ത് മഴ കനിഞ്ഞിരുന്നില്ല. ഇതോടെ മയ്യഴിപ്പുഴയും വറ്റിത്തുടങ്ങി. നല്ല മഴ ലഭിച്ചാൽ മാത്രമേ ഇവിടെനിന്നും വൈദ്യുുതി ഉത്പാദിപ്പിക്കാൻ കഴിയൂ.