താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ മൂന്നുപേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധനടപടികളുമായി രംഗത്ത്. പുതുപ്പാടി ഗവ.ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾക്കും ഒരു മുതിർന്നയാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂൾബാറുകളിൽനിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു.

പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് ബസാർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഹോട്ടൽ, കൂൾബാർ, തട്ടുകട എന്നിവിടങ്ങളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. പഞ്ചായത്ത് ബസാറിൽ അനാരോഗ്യകരവും വൃത്തിഹീനവുമായ ചുറ്റുപാടിൽ നടത്തിവന്ന സന ബേക്കറിയുടെ ഉടമ സജീറിനു രണ്ടായിരം രൂപ പിഴചുമത്തി. ഗവ.ഹൈസ്കൂൾ പരിസരത്തെ രണ്ടു സ്ഥാപനങ്ങൾക്ക് കോപ്പ നിയമപ്രകാരം പിഴചുമത്തി. പരിശോധനയ്ക്കു കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു കുര്യൻ, എം.സി. ബഷീർ എന്നിവർ നേതൃത്വം നൽകി.

പുതുപ്പാടി ഹൈസ്കൂൾ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിൽ സിപ്പപ്, പുളി അച്ചാർ, ഉപ്പിലിട്ട ഭക്ഷ്യയിനങ്ങൾ എന്നിവ വിൽക്കുന്നത് നിരോധിച്ചതായി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സഫീന മുസ്തഫ അറിയിച്ചു. അനധികൃതമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.