ഫറോക്ക് (കോഴിക്കോട്): സൗദി അറേബ്യയിലെ അൽക്കർ ജിൽ മസറിയിലെ അന്തമില്ലാത്ത മരുഭൂമി. മണലും ചൂടും മൂളിപ്പറക്കുന്ന കാറ്റും മനുഷ്യഗന്ധമില്ലാത്ത ഏകാന്തതയും. കോഴിക്കോടിനടുത്ത് ഫറോക്കിൽനിന്നുമെത്തിയ ബീരാൻകുട്ടിക്ക്‌ കൂട്ട് മിണ്ടാപ്രാണികളായ ആടുകൾമാത്രം.

ഡ്രൈവർ വിസയിലാണ് എത്തിയത്. കിട്ടിയ പണി ആടിനെ മേയ്ക്കൽ. മിണ്ടാപ്രാണികൾക്കൊപ്പം ഈ മനുഷ്യൻ നാലുവർഷം അലഞ്ഞു, അവയ്ക്കൊപ്പം ഉറങ്ങി, ഉണർന്നു, അവയോട് മലയാളത്തിൽ മിണ്ടി...

ഈ കടുത്ത ഏകാന്തതയിൽ ബീരാൻകുട്ടിയുടെ മനസ്സിനെ ജീവിപ്പിച്ചുനിർത്തിയത് നാട്ടിൽനിന്നും പോരുമ്പോൾ കൊണ്ടുവന്ന 47 പുസ്തകങ്ങൾ. അവ വായിച്ചുവായിച്ച് അയാൾ മരുഭൂമിയെ മറന്നു, കഥകളുടെ ലോകത്തേക്ക് പറന്നു. വായിച്ച കഥകളിലെ കഥാപാത്രങ്ങളുടെ പേരുകൾ ആടുകൾക്കിട്ടു. വായിച്ചവതന്നെ വീണ്ടും വീണ്ടും വായിച്ചു. അക്ഷരങ്ങൾ അനന്തമായ ഇരുട്ടിൽ മിന്നാമിന്നികളെപ്പോലെ മിന്നി, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും പ്രത്യാശയും കെടാതെ നിർത്തി. ആടുകൾക്കൊപ്പം കിടന്നുകൊണ്ടുള്ള ആ വായന ഇന്നും ഈ മനുഷ്യന്റെ പഠനത്തിന് പ്രചോദനമാവുന്നു. അമ്പത്തിയഞ്ചാം വയസ്സിൽ മീഞ്ചന്ത ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരത മിഷന്റെ ഹ്യൂമാനിറ്റീസ് പ്ലസ് വൺ വിദ്യാർഥിയാണ് ബീരാൻകുട്ടി.

കൊളത്തറ പനയന്തട്ട് സ്വദേശി കളത്തിങ്ങൽ ബീരാൻകുട്ടി 1991-ലാണ് ഡ്രൈവർ വിസയിൽ സൗദിയിലെത്തുന്നത്. ആടുമേയ്ക്കാൻ നിയോഗിക്കപ്പെട്ട ബീരാൻകുട്ടി ആടുകളുമായി 50 കിലോമീറ്റർ വരെ ചില ദിവസങ്ങളിൽ നടന്നിട്ടുണ്ട്.

നാടുമായി ബന്ധമില്ലാതായതോടെ ബന്ധുക്കളും വിട്ടുകാരും ബീരാൻകുട്ടി മരിച്ചെന്നുറപ്പിച്ചു. പേരിലുള്ള ആധാരം പോലും റദ്ദാക്കി. ആടുജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ബീരാൻകുട്ടി 1996-ൽ ചരക്കുകൾ കൊണ്ടുപോവുന്ന ഓട്ടോറിക്ഷ വാങ്ങി. വിറകുകൾ ആവശ്യക്കാർക്ക് എത്തിച്ചുനല്കലായി പിന്നെ ജോലി.

പിന്നീട്, ധാന്യങ്ങൾ പൊടിപ്പിക്കുന്ന ബി സൺസ് എന്ന ചെറിയ യൂണിറ്റ് കോട്ടലാടയിലെ വീടിനോടുചേർന്ന് തുടങ്ങി. ഇത് ബേക്കറി വിഭവങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇന്ന് മുപ്പതോളംപേർക്ക് ജോലികൊടുക്കുന്നു.

ഇതിനിടയിലാണ് 1981-ൽ പൊട്ടിപ്പോയ അക്ഷരനൂൽ വീണ്ടും തുന്നിച്ചേർക്കാനുള്ള ശ്രമം. മീഞ്ചന്ത സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്ററായ സാബിറയെ കണ്ട് പഠനതാത്പര്യം അറിയിച്ചു. 2017-ലെ പത്താംതരം തുല്യതയ്ക്ക് ചേർന്നു; നല്ല മാർക്കോടെ പാസായി. 2018-ൽ സാക്ഷരതാമിഷന്റെ പ്ലസ് വൺ തുല്യതയ്ക്ക് ചേർന്നു. ഭർത്താവിനെ ഞായറാഴ്ചപോലും ഒരുകാര്യത്തിനും ലഭിക്കുന്നില്ലെങ്കിലും പഠനമായതിനാൽ ഭാര്യ സുലൈഖയ്ക്ക് പരാതിയില്ല.

ഒഴിവുസമയത്ത് ബീരാൻകുട്ടി വായന മുടക്കാറില്ല. പ്ലസ് ടുവിനു ശേഷം ബി.എ. പൊളിറ്റിക്സ് എടുക്കണമെന്നാണ് ആഗ്രഹം. ജനതാദൾ എസിന്റെ ബേപ്പൂർ നിയോജകമണ്ഡലം പ്രസിഡന്റുകൂടിയാണ് ബീരാൻകുട്ടി. മക്കളായ അംജദ് കുവൈത്തിൽ ഹോട്ടൽ ബിസിനസും സയ്യിദ് നാട്ടിൽ ബിസിനസും നടത്തുന്നു.

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

1966-ലാണ് ‌യുനെസ്കോ സെപ്റ്റംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാദിനമായി ആചരിക്കാൻ തുടങ്ങിയത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ഓർമിപ്പിക്കാനും സാക്ഷരതയുള്ള സമൂഹത്തെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം.

1965-ൽ ടെഹ്‌റാനിൽ നടന്ന നിരക്ഷരതാ നിർമാർജനത്തിനുള്ള ആഗോള മന്ത്രിതല യോഗത്തിലാണ് സാക്ഷാരതാദിനമെന്ന ആശയം പിറവിയെടുത്തത്. ‘സാക്ഷരതയും നൈപുണി വികസന’വുമാണ് ഈ വർഷത്തെ സാക്ഷരതാദിന പ്രമേയം.

2015-ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണ് സാക്ഷരത. ഇതു കൈവരിക്കാൻ ഇന്ത്യയുൾപ്പെടെ 193 രാജ്യങ്ങൾ ബാധ്യസ്ഥരാണ്.