താമരശ്ശേരി : കാട്ടുപോത്തിനെ അനധികൃതമായി വേട്ടയാടി ഉണക്കയിറച്ചി പങ്കിടുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്ക്കെത്തിയ വനപാലകർക്ക് നേരെ വേട്ടനായ്ക്കളെ അഴിച്ചുവിട്ട് ആറംഗ നായാട്ടുസംഘം ഓടിരക്ഷപ്പെട്ടു.

കൂടരഞ്ഞി പൂവാറംതോട് തമ്പുരാൻകൊല്ലി പ്രദേശത്ത് വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.

കാക്ക്യാനിയിൽ ജിൽസൺ, പൂവാറംതോട് കയ്യാലയ്ക്കകത്ത് വിനോജ്, പെരുമ്പൂളയിൽ ബേബി, ജയ്‌സൻ, വിജേഷ് എന്നിവരും കണ്ടാലയറിയാവുന്ന മറ്റൊരു പ്രതിയുമാണ് വേട്ടനായ്ക്കളെ ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയതെന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ്‌ കുമാർ അറിയിച്ചു.

തുടർന്ന് തിരുവമ്പാടി പോലീസിന്റെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാക്ക്യാനിയിൽ ജിൽസന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ അമ്പത് കിലോയോളം കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി, രണ്ടു നാടൻതോക്കുകൾ, പതിനെട്ട് തിരകൾ, മൂന്നു ചാക്ക് വെടിമരുന്ന്, ഒരു കിലോയോളം വരുന്ന ഈയ ഉണ്ടകൾ, അഞ്ചു വെട്ടുകത്തികൾ, മഴു, വടിവാൾ, വെടിക്കോപ്പുകൾ, ഹെഡ്‌ലൈറ്റ് എന്നിവ കണ്ടെടുത്തു.

കാട്ടുപോത്തിന്റെ കൊമ്പ് സഹിതം പ്രദേശത്ത് നിർത്തിയിട്ടിരുന്ന പ്രതികളുടെ ജീപ്പും വനപാലകർ കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

കള്ളി വെളിച്ചത്തായപ്പോൾ ആക്രമണം

: പൂവാറംതോടിന് സമീപം കൃഷിഭൂമിയിൽ ആനയിറങ്ങിയതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് വനാതിർത്തിയിലേക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാരിൽ ചിലർ നൽകിയ സൂചനയെത്തുടർന്നാണ് സംഭവം നടന്ന സ്ഥലത്തെത്തുന്നത്. പന്നിഫാമിനോട് ചേർന്ന് നിർമിച്ച കാക്ക്യാനിയിൽ ജിൽസന്റെ കെട്ടിടത്തിലാണ് വനപാലകർ പരിശോധനയ്ക്കായെത്തിയത്.

ഗേറ്റ് തുറന്ന് കോമ്പൗണ്ടിലെത്തിയ വനപാലകർ ജിൽസണുമായി സംസാരിക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ജീപ്പിൽ നിന്ന് കാട്ടുപോത്തിന്റെ കൊമ്പ് കണ്ടെത്തുന്നത്. വേട്ടയ്ക്കുള്ള ആയുധങ്ങളോ, മറ്റ് ആളുകളോ സംഭവസ്ഥലത്തില്ലെന്ന് സ്ഥലമുടമ പറഞ്ഞെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിനുള്ളിൽ അഞ്ചുപേർ കൂടിയുണ്ടെന്ന് വനപാലകർക്ക് ബോധ്യപ്പെട്ടു. തുടർന്ന് കെട്ടിടത്തിനകത്ത് കയറി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിൽസന്റെ നേതൃത്വത്തിൽ റോട്ട് െെവലറും, ജർമൻ ഷെപ്പേർഡും ഉൾപ്പെടെയുള്ള മൂന്ന് നായ്ക്കളെ കൂട് തുറന്ന് വിട്ടതെന്ന് ആർ.എഫ്.ഒ. പറയുന്നു. നെറ്റ് കൊണ്ട് മറച്ച കോമ്പൗണ്ട് ഭിത്തിക്കപ്പുറത്തേക്ക് ചാടിക്കടന്നാണ് വനപാലകർ നായ്ക്കളുടെ കടികൊള്ളാതെ രക്ഷപ്പെട്ടത്.

താമരശ്ശേരി റെയ്ഞ്ച് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. സജീവ് കുമാർ, ബി.കെ. പ്രവീൺകുമാർ, കെ.പി. പ്രശാന്തൻ, ബി.എഫ്.ഒ. മാരായ പി.വിജയൻ, ശ്വേതപ്രസാദ്, എം.എസ്. പ്രസൂദ, വാച്ചർമാരായ മോഹനൻ, രാജു രവി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.