തിങ്കളാഴ്ച വൈകീട്ട്‌ പത്രഓഫീസിലേക്ക്‌ തുരുതുരാ വിളികൾ വന്നുകൊണ്ടിരിക്കുന്നു. എല്ലാവർക്കും അറിയേണ്ടത്‌ ചൊവ്വാഴ്ചത്തെ ഹർത്താലിനെക്കുറിച്ച്‌. കേൾക്കുന്നത്‌ ശരിയാണോ, ശരിക്കും ഹർത്താലുണ്ടോ?, വാഹനങ്ങൾ ഓടുമോ, കടകൾ തുറക്കില്ലേ... പരീക്ഷ മാറ്റിവെച്ചോ... പലർക്കും പല സംശയം. എന്നാൽ ഇത്തരം സംശയങ്ങൾക്ക്‌ കൃത്യമായൊരു മറുപടി നൽകാൻ പറ്റുമായിരുന്നില്ല. കാരണം തിങ്കളാഴ്ച വൈകുംവരെ കാര്യങ്ങൾക്കൊന്നും ഒരുവ്യക്തതയില്ലായിരുന്നു. കൺഫ്യൂഷൻ ഹർത്താൽ വിജയിപ്പിക്കുമെന്ന്‌ ചില സംഘടനകൾ ... അവർ നഗരത്തിൽ പ്രകടനം നടത്തി. നിയമവിരുദ്ധമാണെന്ന്‌ പോലീസ്‌. അനവസരത്തിലുള്ളതാണെന്നാണ്‌ ബഹുഭൂരിപക്ഷം രാഷ്ട്രീയകക്ഷികളും മതസംഘടനകളും. ഒടുവിൽ ജനംതീരുമാനിച്ചു, കാത്തിരുന്നുകാണാം.

ജനകീയ പിന്തുണവേണം -എസ്.ഐ.ഒ.

കോഴിക്കോട്: ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് എസ്.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ആവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരങ്ങളെ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും എസ്.ഐ.ഒ. സംസ്ഥാനകമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കലാപമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരാണെന്ന് പ്രതിഷേധങ്ങള്‍ നടത്തുന്നവരുടെ വസ്ത്രംനോക്കിയാല്‍ മനസ്സിലാകും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരേ കുപ്പായമഴിച്ചാണ് റാലിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത്.

മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് മിഠായിത്തെരുവ് കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ബിനാസ്, സെക്രട്ടറിമാരായ അസ്ലംഅലി, അഫീഫി ഹമീദ്, ജില്ലാ പ്രസിഡന്റ് ടി.കെ. സഈദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വംനല്‍കി.

ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി

കോഴിക്കോട്: നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. പുതിയസ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം കിഡ്സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഹര്‍ത്താലിന് ആഹ്വാനംചെയ്ത എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ബി.എസ്.പി., ഫ്രറ്റേണിറ്റി, സോളിഡാരിറ്റി, കാമ്പസ് ഫ്രണ്ട് എന്നിവയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.

പ്രതിഷേധയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി സംസാരിച്ചു. ചൊവ്വാഴ്ച നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കണമെന്ന് കടകളില്‍ക്കയറി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പോലീസിന്റെ അനുമതിയില്ലാതെ മേലേപാളയത്തിലേക്ക് കയറിയ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 70 ആളുടെ പേരിലാണ് കേസെടുത്തത്.

പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്: കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 17-ന് കണ്ണൂര്‍ റോഡിലെ സിറ്റിഹൗസ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പെന്‍ഷന്‍ ദിനാചരണം മാറ്റിവെച്ചു.

റെയില്‍വേ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 17-ന് റെയില്‍വേ ഓഫീസില്‍ ആചരിക്കാനിരുന്ന പെന്‍ഷന്‍ ദിനം 21-ന് രാവിലെ 10-ലേക്ക് മാറ്റി.

പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയറീസ് ഓര്‍ഗനൈസേഷന്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി 17-ന് സരോജ്ഭവനില്‍ നടത്താന്‍ തീരുമാനിച്ച പെന്‍ഷന്‍ ദിനാചരണം മാറ്റിവെച്ചു. പരിപാടി ജനുവരി മൂന്നിന് രാവിലെ 10-ന് നടത്തും.

കേരള ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കാലിക്കറ്റ് ടവറില്‍ 17-ന് നടത്താനിരുന്ന സമ്മേളനം 24-ലേക്ക് മാറ്റി.

ഹര്‍ത്താലുമായി യോജിപ്പില്ല

കോഴിക്കോട്: ഒരുവിഭാഗം സംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താലുമായി കെ.എന്‍.എമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരേ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളുമായി ആലോചിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

: പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചില സാമുദായികസംഘടനകള്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിനോട് യോജിക്കുന്നില്ലെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി അറിയിച്ചു. ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ എല്ലാവിഭാഗം ജനങ്ങളും യോജിച്ച പ്രവര്‍ത്തനത്തിലാണ്. കടുത്ത വ്യാപാര മാന്ദ്യത്തിനിടയില്‍ പ്രതിഷേധരൂപമായി കടകളടപ്പിക്കുന്ന ശൈലി പുനഃപരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.