രാമനാട്ടുകര: കർഷകർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യപിച്ചപ്പോൾ നേട്ടം കൊയ്തവരിൽ ഒരു കോഴിക്കോട്ടുകാരിയുണ്ട്. സർക്കാറിനെ ’ഓണത്തിനൊരു മുറം പച്ചക്കറി’ വിഭാഗം മത്സരത്തിൽ മൂന്നാമതെത്തിയ ഹന്നത്ത് ഷെമീറാണിത്. സ്‌കൂൾ പ്രിൻസിപ്പലായ ഭർത്താവ് ഷമീറിന്റെ ജോലി സൗകര്യാർഥം നിരവധിയിടത്ത് വാടകവീടുകളിൽ മാറി മാറി താമസിച്ചിട്ടുണ്ട് ഇവർ. പോവുന്നയിടത്തെല്ലം പൊന്നുവിളയിക്കും. മുമ്പ് താമസിച്ചിരുന്ന കണ്ണാടിക്കലിൽ വാടക വീടിന്റെ ടൈൽ വിരിച്ച മുറ്റത്ത് പച്ചക്കറികളും പഴച്ചെടികളുംകൊണ്ട് ചെറു വനംതന്നെ തീർത്തിരിന്നു ഇവർ. വെണ്ടയും പാവലും പയറും വഴുതനയും തക്കാളിയും ചീരയും എന്നുവേണ്ട, കടയിൽ കിട്ടുന്നതെല്ലാം വിളയിക്കും ഹന്നത്ത്. അതുമാത്രമല്ല, കിണറിനു ചുറ്റും ഒഴിഞ്ഞു കിടന്ന അരസെന്റിൽ നെൽകൃഷിതന്നെ നടത്തി നൂറുമേനി വിളയിച്ചു. വീട്ടിലേക്കു പച്ചക്കറികൾ പണം കൊടുത്തു വാങ്ങിയിട്ട് ആറേഴു കൊല്ലമായി.

പ്രതിദിനം പത്തും പതിനഞ്ചും കിലോ പച്ചക്കറി വിളഞ്ഞു തുടങ്ങിതോടെ ഹന്നത്ത് ന്യൂജൻ മാതൃകയിൽ കച്ചവടമാരംഭിച്ചു. ആദ്യം പരിചയക്കാരെയെല്ലാം ചേർത്തു ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. അതാത് ദിവസം വിളവെടുത്ത ജൈവ പച്ചക്കറികളുടെ ചിത്രം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഇതു കാണേണ്ട താമസം പച്ചക്കറി വാങ്ങാൻ വീട്ടിലാളെത്തും. വിലപേശലില്ല, വിലയിടിവില്ല. കൃഷിച്ചെലവും അധ്വാനവും കണക്കു കൂട്ടികിട്ടുന്നതാണ് വില. ഇതെല്ലാം പരിഗണിച്ചാണ് ഇത്തവണ അവാർഡ് നേടാനായത്.

കൃഷിചെയ്യാൻ മണ്ണില്ല സമയമില്ല എന്നു വിലപിക്കുന്നവരോട് മനസ്സുണ്ടായാൽ മതി എവിടെയും നൂറുമേനി വിളയിക്കാമെന്ന് തെളിയിക്കുകയാണ് ഹന്നത്ത്. വാടകവീട്ടിൽ കഴിയുന്നത് കൊണ്ട് ഇവർക്ക് നികുതിശീട്ടില്ല. അതുകൊണ്ട് തന്നെ കൃഷിഭവനിൽനിന്നുള്ള ‌ സഹായവും ലഭിക്കുന്നില്ല.ഭർത്താവ് ജോലിക്കുപോവുമ്പോൾ ഒരു നേരംപോക്കുപോലെ തുടങ്ങിയതാണ് കൃഷി. മക്കൾ ഫാത്തിമാ നദയും ആയിശാ റിദയും മുഹമ്മദ് അമീനും കൃഷിയിൽ സഹായിക്കും. ഭർത്താവിന്റെ ഉമ്മയ്ക്ക് അസുഖമായതോടെ നാലുമാസമായി കൃഷി ചെയ്തിരുന്നില്ല. ഇപ്പോൾ വീണ്ടും കൃഷിയാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹന്നത്ത്. മികച്ച യുകർഷകയ്ക്കുള്ള അവാർ്ഡ് നൽകി കോഴിക്കോട് കോർപ്പറേഷനും നേരത്തെ ഹന്നത്തിനെ ആദരിച്ചിരുന്നു.