കോഴിക്കോട്: കൃത്യമായ റവന്യൂരേഖകൾ ഉണ്ടായിട്ടും‌ം ഭൂമിയുടെ നികുതി അടക്കാൻ വില്ലേജ് ഓഫീസ് തയ്യാറാവുന്നില്ലെന്ന പരാതിയുമായി വയോധിക ജില്ലാ കളക്ടറുടെ മുന്നിൽ. നീതികിട്ടുന്നതുവരെ കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്യുമെന്ന് കൂട്ടാലിട ചെടിക്കുളത്ത് കുഴിയിൽ അന്നക്കുട്ടി (97) പറഞ്ഞു. ഒരൊറ്റ ദിവസംകൊണ്ടുതന്നെ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് കളക്ടർ സാംബശിവ റാവു ഉറപ്പുനൽകി. നികുതി സ്വീകരിക്കാനുള്ള നിർദേശം വില്ലേജ് ഓഫീസർക്ക് നൽകി.

ആദ്യം ഡെപ്യൂട്ടി കളക്ടർ സി. ബിജുവാണ് അന്നക്കുട്ടിയുടെ മകളോടും കുടുംബാംഗങ്ങളോടും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയത്. പിന്നീട്‌ കർഷകനേതാവ് ഒ.ഡി. തോമസുമായി കളക്ടർ സംസാരിച്ചതിനുശേഷം നികുതി സ്വീകരിക്കാനുള്ള നടപടിയെടുക്കാമെന്ന് ഉറപ്പുനൽകി. തുടർന്ന് അവിടനല്ലൂർ വില്ലേജ് ഓഫീസുമായി ഡെപ്യൂട്ടി കളക്ടർ ബന്ധപ്പെട്ടപ്പോൾ ഭൂമിയും വീടും കൈമാറിയത് ധനനിശ്ചയ ആധാരത്തിലൂടെയാണെന്നും 16,000 രൂപ കൊച്ചുമകൻ ബോബി കൈമാറിയിട്ടുണ്ടെന്നും വ്യക്തമായി. അതുകൊണ്ടുതന്നെ തുടർനടപടിക്കായി കളക്ടറുടെ ഓഫീസിൽനിന്ന് വടകര ആർ.ഡി.ഒ.യ്ക്ക് അന്നക്കുട്ടിയുടെ പരാതി കൈമാറി. സീനിയർ സിറ്റിസൺ ആക്ട് പ്രകാരമാണ് കേസ്‌ പരിഗണിക്കുന്നത്.

അന്നക്കുട്ടിയുടെ 15.25 സെന്റ് ഭൂമിയുടെ നികുതിയാണ് ഏഴുവർഷമായി അവിടനല്ലൂർ വില്ലേജ് ഓഫീസിൽനിന്ന് സ്വീകരിക്കാത്തത്. അന്നക്കുട്ടി ഈ സ്ഥലവും വീടും തന്റെ ഇളയ മകളായ ത്രേസ്യാമ്മയുടെ മകൻ ബോബിക്ക് 2001-ൽ ഇഷ്ടദാനം നൽകിയിരുന്നു. മരണംവരെ നോക്കിക്കൊള്ളാം എന്ന വ്യവസ്ഥയിലാണിത് നൽകിയത്. എന്നാൽ, ഭൂമി കൈമാറി മൂന്നു മാസത്തിനുശേഷം അന്നക്കുട്ടിയെ വീട്ടിൽനിന്ന് ബോബി ഇറക്കിവിട്ടു. ഇതേത്തുടർന്ന് 2011-ൽ അന്നക്കുട്ടി ഇത് റദ്ദുചെയ്യുകയും അവരുടെ പേരിൽത്തന്നെ നികുതി അടയ്ക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് നികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസ് അധികൃതർ തയ്യാറായില്ല. ബോബിയും കുടുംബവും ഇവിടെ താമസിക്കുകയും നികുതി അടച്ചുവരുകയും ചെയ്യുന്നുണ്ട്. പലതവണ പരാതി നൽകിയെങ്കിലും കാര്യമുണ്ടാകാത്തതിനെ തുടർന്നാണ് മക്കളോടൊപ്പം അന്നക്കുട്ടി നേരിട്ട് കളക്ടറേറ്റിലെത്തിയത്.

സ്വന്തമായി എഴുന്നേറ്റ് നടക്കാൻപോലും പറ്റാത്തത്രയും ശാരീരിക അസുഖങ്ങളുണ്ടിപ്പോൾ അന്നക്കുട്ടിക്ക്. കൂരാച്ചുണ്ട് കാളങ്ങാലിയിൽ മകൾ ത്രേസ്യാമ്മയുടെ വീട്ടിലാണ് താമസം. ത്രേസ്യാമ്മയെ കൂടാതെ മേരി, കുഞ്ഞാമ്മ എന്നീ രണ്ടു മക്കൾകൂടി അന്നക്കുട്ടിക്കുണ്ട്. ഇവർക്കാർക്കും സ്വത്തിൽനിന്ന് ഒന്നും നൽകിയിരുന്നില്ല.