കോഴിക്കോട്: ചാറ്റൽമഴയിൽ മിഠായിത്തെരുവിന്റെ പൈതൃകം തേടി ഫ്രഞ്ച് സംഘം. കടകളിലെ ചില്ല്കൂട്ടിലെ വിവിധ നിറങ്ങളിലെ ഹൽവാമധുരവും കായവറുത്തതും 28-അംഗ സംഘത്തിന് പുതുരുചിയേകി. ഫ്രാൻസിൽനിന്ന് 15 ദിവസത്തെ ഇന്ത്യാസന്ദർശനത്തിനാണിവരെത്തിയത്.

മൈസൂരിൽനിന്ന്‌ ഞായറാഴ്ച രാവിലെ കോഴിക്കോട്ടെത്തി ബേപ്പൂർ ഉരുനിർമാണശാലയും നെയ്ത്ത്കേന്ദ്രവും കടപ്പുറവും സന്ദർശിച്ചശേഷം വൈകീട്ടോടെയാണ് സംഘം മിഠായിത്തെരുവിലെത്തിയത്. 55 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെല്ലാം. തിങ്കളാഴ്ച ബേപ്പൂർ തുറമുഖം സന്ദർശിച്ചതിന് ശേഷം സംഘം ഫോർട്ട് കൊച്ചിയിലേക്ക് തിരിക്കും. ടിണ്ടിസ് ഹെറിറ്റേജ് ട്രാവൽസിന്റെ നേതൃത്വത്തിൽ ടൂർഗൈഡ് സുഷിൽദാസിനൊപ്പമാണിവർ കോഴിക്കോട്ടെത്തിയത്.