രാമനാട്ടുകര: പ്രളയത്തിൽ ചാലിയാർ കരകവിഞ്ഞ് ഗതിമാറി ഒഴുകി ചെളിനിറഞ്ഞ്‌ 20 ഏക്കറോളം കൃഷിസ്ഥലം നശിച്ചു. പൊന്നേമ്പാടം അങ്ങാടിയിൽനിന്ന് ചാലിയാറിലെ മണക്കടവിലേക്ക് പോകുന്ന റോഡിന് ഇരുവശത്തുമുള്ള വയലുകളിലാണ് ഏകദേശം രണ്ടടിയോളം ഉയരത്തിൽ പുഴയിലെ ചെളിവന്ന് അടിഞ്ഞത്.

കുഴമ്പുരൂപത്തിലുള്ള ഈ ചെളി ഇപ്പോൾ ഉറച്ച് കട്ടിയായിരിക്കുന്നു. കളിമണ്ണെടുത്തതിനെത്തുടർന്ന് കൃഷിചെയ്യാൻ പറ്റാതായ ഈവയലുകളിൽ മൂന്നുവർഷംമുമ്പ് 12 കർഷകർ ചേർന്ന് ജെ.സി.ബി. ഉപയോഗിച്ച് നിരപ്പാക്കി നെൽക്കൃഷി ചെയ്തിരുന്നു. ആദ്യ രണ്ടുവർഷം ലാഭം ഉണ്ടായിരുന്നില്ലെങ്കിലും മൂന്നാംവർഷം കൃഷി ലാഭത്തിലായിരുന്നു. ഈവർഷം കൃഷിക്ക് തയ്യാറെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി പ്രളയംവന്ന് കൃഷിഭൂമി ഒന്നാകെ ചെളിമൂടിയത്‌.

വയലിൽ അടിഞ്ഞ ചെളി എങ്ങനെ നീക്കംചെയ്യുമെന്നറിയാതെ വിഷമസ്ഥിതിയിലാണ് പൊന്നേമ്പാടത്തെ കർഷകർ. ചെളി നീക്കംചെയ്യാതെ ഈസ്ഥലത്ത് ഇനി കൃഷി സാധ്യമല്ലെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം ഉണ്ണിപ്പെരവൻ പറഞ്ഞു. പ്രളയത്തിൽ വയലിൽ അടിഞ്ഞ ചെളി നീക്കിയില്ലെങ്കിൽ ഈസ്ഥലം ക്രമേണ കരഭൂമിയായിമാറും.