വടകര: വൻദുരന്തമായി മാറുമായിരുന്ന അപകടത്തെ നിയന്ത്രണവിധേയമാക്കിയത് അഗ്നിശമനസേനയുടെയും മറ്റ് ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും സമയോചിതമായ ഇടപെടൽ. പോലീസും റവന്യൂ ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി.യും ജലഅതോറിറ്റിയുമെല്ലാം എല്ലാവിധ സഹായങ്ങളുമൊരുക്കി സ്ഥലത്ത് ക്യാമ്പ് ചെയ്തു. കൃത്യമായ ഇടവേളകളിൽ കളക്ടർ സാംബശിവറാവു സ്ഥിതിഗതികൾ വിലയിരുത്തി നിർദേശങ്ങൾ നൽകി. ഇതിനെല്ലാമുപരി ഒരുകൂട്ടമാളുകൾ പ്രായഭേദമെന്യേ പെട്രോൾ കോരി ഒഴിവാക്കാനും മണ്ണും മണലും ഇറക്കാനുമെല്ലാം സജീവമായി രംഗത്തിറങ്ങി. വെട്ടം ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിലെ ഏഴംഗങ്ങളും സ്ഥലത്തെത്തി. അഗ്നിശമനസേനാംഗങ്ങൾക്കും പോലീസിനും രക്ഷാപ്രവർത്തകർക്കും വെള്ളവും ഭക്ഷണവും നൽകാനും സുമനസ്സുകൾ രംഗത്തെത്തി. ജില്ലാ ഫയർ ഓഫീസർ ആർ. റജീഷിന്റെ നേതൃത്വത്തിലാണ് അഗ്നിശമനസേന രക്ഷാപ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാം, സി.എം.പി.എം. മനോജ്, എസ്.ഐ. ഷറഫുദീൻ തുടങ്ങിയ ഉദ്യോഗസ്ഥരും ആദ്യവസാനം കാര്യങ്ങൾ നിയന്ത്രിച്ചു.

രക്ഷാപ്രവർത്തനം ഇങ്ങനെ

രാവിലെ- 5.40- ടാങ്കർ ലോറി മറിഞ്ഞ് പെട്രോൾ ചോരുന്നതായ വിവരം ഡ്രൈവർ വടകര ഫയർ സ്റ്റേഷനിലേക്ക് അറിയിക്കുന്നു. ഉടൻതന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തേക്ക് കുതിച്ചു. പോലീസും സ്ഥലത്തെത്തുന്നു.

6.00- പ്രദേശത്തെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിക്കുന്നു. പോലീസ് ബൈപ്പാസിലെ വാഹനഗതാഗതം തടയുന്നു. ഫോം മേക്കിങ് ബ്രാഞ്ച് (പത ഉണ്ടാക്കുന്ന സംവിധാനം) ഉപയോഗിച്ച് അഗ്നിശമനസേന ടാങ്കറിലേക്ക് വെള്ളവും പതയും ചീറ്റിക്കാൻ തുടങ്ങി.

6.30- പെട്രോൾ ഒഴുകുന്നത് തടയാൻ റോയൽ വെഡ്ഡിങ്ങിനു മുന്നിൽ ബണ്ട് കെട്ടുന്നു. ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പെട്രോൾ കോരി പാത്രങ്ങളിലേക്ക് മാറ്റാൻ തുടങ്ങി.. 6.50- വെളളിമാടുകുന്നിൽ നിന്ന് ഫോം ടെൻഡറും മറ്റ് സ്ഥലങ്ങളിൽനിന്ന് കൂടുതൽ അഗ്നിശമനസേനയും എത്തുന്നു. 7.30- രണ്ട് ക്രെയിനുകളെത്തി മറിഞ്ഞ ടാങ്കർ നിവർത്താനുള്ള ശ്രമം തുടങ്ങി. ഫോം ചീറ്റുന്നത് നിർത്താതെ തുടരുന്നു. ജനങ്ങളെ പോലീസ് മാറ്റി.8.10- ഏറെ നേരത്തെ ശ്രമത്തിനു ശേഷം ടാങ്കർ ലോറി നിവർത്തി റോഡിന്റെ അരികിലേക്ക് മാറ്റുന്നു. .

8.30- ആർ.ഡി.ഒ. ഉൾപ്പെടെയുള്ള കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു. പെട്രോൾ ഒഴുകിയ വഴിയിൽ വിതറാൻ മണലും മണ്ണും കൊണ്ടുവരാൻ ഏർപ്പാടാക്കുന്നു

9.00- ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എമർജൻസി റെസ്പോൺസ് വെഹിക്കിൾ ചേളാരിയിൽനിന്ന് സ്ഥലത്തെത്തുന്നു. 9.45- അപകടത്തിൽപ്പെട്ട ടാങ്കറിൽ നിന്ന് ശേഷിച്ച പെട്രോൾ നീക്കി.

10.00- അന്തരീക്ഷത്തിൽ പെട്രോളിന്റെ ഗ്യാസ് എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ പരിശോധന നടത്തുന്നു. അപകടകരമായ അളവ് കുറഞ്ഞിട്ടില്ലെന്ന നിഗമനം

10.30 റോഡ് വൃത്തിയാക്കാൻ തുടങ്ങി, കെട്ടിക്കിടന്ന പെട്രോൾ ഭൂരിഭാഗവും കോരി ഒഴിവാക്കി.

11.30- ബൈപ്പാസിലെ ഗതാഗതനിയന്ത്രണം ഒഴിവാക്കി. വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.