തൊട്ടിൽപ്പാലം: കാവിലുമ്പാറ പഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ ഒട്ടേറെ ഫയലുകൾ കത്തി നശിച്ചു. ഓഫീസിന്റെ രണ്ടാംനിലയിൽ ഫയലുകൾ സൂക്ഷിച്ച മുറിയിലാണ് തീപിടിച്ചത്.

ഈ മുറി പൂട്ടിയിരുന്നില്ല. ചോർച്ചയുള്ള ഈ മുറിയിലെ ഫയലുകൾ പലതും നേരത്തെ‌ മഴയിൽ നനഞ്ഞുകുതിർന്നിരുന്നു. ഉണങ്ങാനായി തറയിൽ ചിതറിയിട്ട ഇത്തരം ഫയലുകളുണ് തീപ്പിടിത്തത്തിൽ കത്തിയത്. ഈ മുറിയിൽ വൈദ്യുതി ബന്ധമില്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ടല്ല തീപ്പിടിത്തത്തിന്ന് കാരണമെന്ന് വ്യക്തം.

കത്തി നശിച്ചവയിൽ സുപ്രധാന ഫയലുകൾ ഒന്നും തന്നെയില്ലെന്നാണ് പഞ്ചായത്ത് വൃത്തങ്ങൾ നൽകുന്ന സൂചന. മുറിയിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ രംഗത്തിറങ്ങി രക്ഷാപ്രവർത്തനം തുടങ്ങി. കല്ലാച്ചിയിൽനിന്ന് അഗ്നി രക്ഷാസേനയുമെത്തിയതോടെ തീ നിയന്ത്രണ വിധേയമായി.