കോഴിക്കോട് : മൊയ്തീൻപള്ളി റോഡിലെ വി.കെ.എം. ബിൽഡിങ്ങിൽനിന്ന് പുക ഉയർന്നപ്പോൾ പ്രദേശത്തുള്ളവരുടെ മനസ്സിലെ ഭീതി ആളിക്കത്തി. 2007 -ൽ ഈ ഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ച് എട്ടുപേർ മരിച്ചതിന്റെ നടുക്കം ഇപ്പോഴും അവരുടെ ഉള്ളിലുണ്ട്. തുടർക്കഥപോലെ ഉണ്ടായ തീപ്പിടിത്തം കുറച്ചുകാലങ്ങൾക്കുശേഷം വീണ്ടും ഉയർന്നപ്പോൾ ഇവിടെയുള്ളവരുടെ മനസ്സ് പൊള്ളി. മിഠായിത്തെരുവിൽ സുരക്ഷയൊരുക്കിയപ്പോഴും ഈ ഭാഗങ്ങളിൽ പലയിടത്തും അത് എത്തിയിട്ടില്ല.

1946-ലും 1995-ലുമെല്ലാം മിഠായിത്തെരുവിൽ കടകൾ കത്തിനശിച്ചിട്ടുണ്ട്. 2007 ഏപ്രിൽ അഞ്ചിനാണ് മൊയ്തീൻപള്ളി റോഡിലെ പടക്കക്കടയ്ക്ക് തീപ്പിടിച്ചതും എട്ടുജീവൻ പൊലിഞ്ഞതും. അന്ന് അമ്പതോളം കടകളും കത്തിയമർന്നു. നിറയെ ഇലക്ട്രിക് വയറുകളും ഒരു സുരക്ഷാ സംവിധാനവുമില്ലാത്ത തെരുവിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് അന്നുമുതൽ പറയാൻ തുടങ്ങിയെങ്കിലും അത് യാഥാർഥ്യമാകാൻ 2017 ഫെബ്രുവരി 22-ന്റെ തീപ്പിടിത്തം വരെ കാത്തിരിക്കേണ്ടിവന്നു. അതിനുമുമ്പ് 2010-ലും 2015-ലുമെല്ലാം കടകളിൽ തീപ്പിടിത്തമുണ്ടായി. മോഡേൺ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസിലായിരുന്നു 2017-ലെ തീപ്പിടിത്തം. അന്ന് കളക്ടറായിരുന്ന യു.വി. ജോസിന്റെ ഇച്ഛാശക്തിയാണ് തെരുവിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടത്. തലങ്ങുംവിലങ്ങും കിടന്ന വൈദ്യുതക്കമ്പികൾ മുഴുവൻ ഭൂമിക്കടിയിലായി. കടകളിൽ ഫയർ എക്സ്റ്റിൻഗ്യുഷർ വെച്ചു. ഫയർ ൈഹഡ്രന്റ് സ്ഥാപിച്ചു. ജില്ലാ ഭരണകൂടവും കോർപ്പറേഷനും വിവിധ വകുപ്പുകളും ഒന്നിച്ചുനിന്നപ്പോൾ അതുവരെ വെറുംവാക്കായി ഒതുങ്ങിയിരുന്ന കാര്യങ്ങളെല്ലാം യാഥാർഥ്യമായി.

മിഠായിത്തെരുവിൽ വലിയ അഗ്നിബാധ ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലുകളെല്ലാം എടുത്തതോടെ ആശ്വാസത്തിലായിരുന്നു എല്ലാവരും. അതിനുശേഷം തെരുവിലെ ഒരു കടയിൽ മാത്രമാണ് ചെറിയ തീപ്പിടിത്തം ഉണ്ടായത്. ഈ മുൻകരുതലുകളൊന്നും തൊട്ടടുത്ത ഒയാസിസ് കോംപ്ലക്‌സിലേക്കെത്തിയിട്ടില്ലെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. ചെറുതും വലുതുമായ കടകൾ നിറഞ്ഞതാണ് മൊയ്തീൻപള്ളി റോഡ് ഭാഗം.

''ഈ ഭാഗത്തുള്ളവരും ഫയർഫോഴ്‌സും കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി വലുതായേനെ. വലിയ ദുരന്തമാണ് ഒഴിവായത്. അത്രയേറെ കടകളുണ്ടിവിടെ. വൈദ്യുതക്കേബിളുകളൊന്നും ഭൂമിക്കടിയിലല്ല. അതൊക്കെ മാറ്റിയുള്ള നവീകരണം വേണം. പിന്നെ വിമാനത്താവളത്തിൽ ഉള്ളപോലെ തീയണയ്ക്കാനുള്ള സംവിധാനവും''- തീപ്പിടിത്തതിന് ദൃക്‌സാക്ഷിയായ കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.

ചെറുതും വലുതുമായ കടകൾ, ഗോഡൗണുകൾ എല്ലാം ഉള്ള ഈ ഭാഗത്ത് വൈദ്യുതലൈനുകളെല്ലാം തോന്നുംപടിയാണ്. കോവിഡ്കാലമായതിനാൽ സാനിറ്റൈസറും എല്ലായിടത്തുമുണ്ട്. മൊയ്തീൻപള്ളി റോഡിലായതിനാൽ വാഹനങ്ങൾക്ക് വേഗമെത്താനായി. കുറച്ചുമാറി ഉള്ളോട്ടായിരുന്നെങ്കിൽ അതും സാധ്യമാകില്ലായിരുന്നു.

തീപ്പിടിത്തിന്റെ കാരണത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നുണ്ട്. ‘ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടോയെന്നുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.