ഫറോക്ക് : ഫറോക്ക് നഗരസഭയിൽ നാല് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ സാഹചര്യത്തിൽ ശക്തമായ സുരക്ഷയൊരുക്കി ഫറോക്ക് നഗരസഭ. ഇതിന്റെ ഭാഗമായി കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായ കൗൺസിലർമാരെയും നഗരസഭാ ജീവനക്കാരെയും ടെസ്റ്റിന് വിധേയമാക്കും. മത്സ്യമാർക്കറ്റ് അടയ്ക്കാനും വാഹനങ്ങളിലെ മത്സ്യക്കച്ചവടം നിരോധിക്കാനും തീരുമാനിച്ചു.
30-ാം തീയതി കൗൺസിലർമാരെയും ജീവനക്കാരെയും ടെസ്റ്റ് ചെയ്യും. നിലവിൽ കൗണ്ടർ സ്റ്റാഫായി പ്രവർത്തിക്കുന്ന മൂന്നുപേരെ ഹോംക്വാറന്റീനിൽ അയക്കും പകരം കൗണ്ടർ സ്റ്റാഫായി എസ്.സി. പ്രൊമോട്ടറെ ചുമതലപ്പെടുത്തും. നഗരസഭാ ചെയർപേഴ്സൺ കെ. കമറുലൈലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭയിൽ കോവിഡുമായി ബന്ധപ്പെട്ട മൈക്ക് പ്രചാരണം നടത്താനും കളക്ടറുമായി ബന്ധപ്പെട്ട് മത്സ്യമാർക്കറ്റും തെരുവുകച്ചവടവും അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ നിർത്തിയിട്ട് റിപ്പയർ ചെയ്യുന്നതും വാഹനങ്ങളിൽ മീൻകച്ചവടം ചെയ്യുന്നതും കർശനമായി നിർത്തിവെക്കുന്നതിനും തീരുമാനിച്ചു. ഓഫീസ് പൂർണമായും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുനശീകരണം നടത്തുന്നതിനും തീരുമാനിച്ചു. സ്ഥിരംസമിതി അംഗങ്ങളായ ആസിഫ് പുളിയാളി, എം. സുധർമ, മുനിസിപ്പൽ സെക്രട്ടറി വി. സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. മുസ്തഫ എന്നിവർ പങ്കെടുത്തു.