കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ടയുമായി എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽസ്ക്വാഡ്. ജില്ലയിൽ രണ്ടിടത്തുനിന്നായി വില്പനയ്ക്കുവെച്ച കഞ്ചാവും പയ്യോളിയിൽ ബ്രൗൺഷുഗറും പിടികൂടി. നഗരത്തിൽ 10 കിലോ കഞ്ചാവും താമരശ്ശേരിയിൽ ഒന്നേകാൽ കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.

റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിൽ അപ്സര തിയേറ്ററിന് സമീപമാണ് 10 കിലോ കഞ്ചാവുമായി മംഗലാപുരം സ്വദേശിയായ യുവാവിനെ എക്സൈസ് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മംഗലാപുരം മാൻജി നൂജികൊത്താല വീട്ടിൽ അൻസാർ(28) ആണ് വിപണിയിൽ മൂന്നരലക്ഷത്തോളം വിലയുള്ള ലഹരിവസ്തു സഹിതം അറസ്റ്റിലായത്.

എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. െബംഗളൂരുവിൽ നിന്ന് കോഴിക്കോട്ട് തീവണ്ടിയിൽ വന്നിറങ്ങിയ യുവാവിനെ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ടാക്സി സ്റ്റാൻഡിന് സമീപത്തുനിന്ന് ട്രോളി ബാഗുമായി പിടികൂടുകയായിരുന്നു. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ മെഷീൻപാക്ക് ചെയ്ത നാല് കിലോയുടെ രണ്ട് പാക്കറ്റും, രണ്ട് കിലോയുടെ ഒരു പാക്കറ്റും കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽസ്ക്വാഡ് സി.ഐ. പി..സജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാഗ്, അനിൽ, റെനീഷ്, സുജല, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

എൺപതിനായിരം രൂപയ്ക്ക് കർണാടകയിൽ നിന്ന് വാങ്ങിയ കഞ്ചാവ് നാലിരട്ടിയിലധികം രൂപയ്ക്ക് മറിച്ചുവിൽക്കാൻ വേണ്ടിയാണ് കോഴിക്കോട്ടെത്തിച്ചത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.ആർ. അനിൽകുമാർ അറിയിച്ചു.

പിടിയിലായത് മാവൂർ സ്വദേശി

മാവൂർ കണ്ണിപറമ്പ് കക്കാരത്തിൽ വീട്ടിൽ സെമീറിനെയാണ്(40) ഒന്നരക്കിലോ കഞ്ചാവുമായി താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും സംഘവും പിടികൂടിയത്. മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് താമരശ്ശേരിക്കടുത്ത് അമ്പായത്തോട്ടിൽ വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയതെന്ന് ഇൻസ്പെക്ടർ അറിയിച്ചു.

തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽനിന്ന് കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് ചെറിയ പൊതികളാക്കി ചില്ലറ വില്പനക്കാർക്ക് നൽകുന്നയാളാണ് സെമീറെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തെത്തുടർന്ന് ഇയാൾ താമരശ്ശേരി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനായി ഉപയോഗിച്ച കെ.എൽ. 11 ബി.എം. 7794 നമ്പർ ബൈക്ക് കസ്റ്റഡിയിലെടുത്തു.

Content Highlights: Drugs, Kozhikode