കോഴിക്കോട്: എരഞ്ഞിക്കൽ ജങ്‌ഷനിൽ റോഡിൽ വൻകുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. അധികൃതർ കുഴി നികത്തുന്നില്ലെന്നു മാത്രമല്ല, ഇപ്പോൾ ക്രെഷർ മാലിന്യം കൂട്ടിയിരിക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാവുന്നു.

റോഡിൽ കൂമ്പാരമായി കരിങ്കൽച്ചീളുകളും പാറപ്പൊടിയും ഇറക്കിയിട്ടിട്ട് ഒരാഴ്ചയായി. ഇവ ഇറക്കിയിട്ട് ’ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാ’യിരുന്നു കരാറുകാരന്റെ ശ്രമം. ഇത് നാട്ടുകാർ തടഞ്ഞു. അതോടെ കൂമ്പാരം സമീപത്തെ കടക്കാർക്കും ഇതുവഴിയുള്ള യാത്രക്കാർക്കും കാൽനടക്കാർക്കുമൊക്കെ തടസ്സമായിരിക്കുകയാണ്.

കഴിഞ്ഞ മഴക്കാലത്തും ഇതുപോലെ ക്രെഷർ മാലിന്യമിട്ട് കുഴികൾ നികത്തിയിരുന്നു. കാര്യമായ പ്രയോജനമുണ്ടായില്ല. മെറ്റലിട്ട് റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

അത്തോളി - കോഴിക്കോട് റൂട്ടിലെ ഒട്ടേറെ വാഹനങ്ങൾ ഇപ്പോൾ ഇതുവഴിയാണ് കടന്നുപോകുന്നത്. കോരപ്പുഴപ്പാലം പൊളിച്ചതിനാലാണിത്. ഈ വാഹനപ്പെരുപ്പമുള്ളപ്പോഴും ഗതാഗത തടസ്സം അനുഭവിച്ചാണ് സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ ഇതുവഴി പോകുന്നത്. സമീപത്തെ കടകളിൽ പൊടി ശല്യവുമുണ്ട്. ടാറിങ്‌ വൈകുന്നത് തുടർന്നാൽ റോഡ് ഉപരോധവും ധർണയുമടക്കമുള്ള സമരപരിപാടികൾ നടത്താനൊരുങ്ങുകയാണ് നാട്ടുകാർ.