പേരാമ്പ്ര: കാട്ടാനകളുടെ വിളയാട്ടത്തിൽ ഓരോവർഷവും പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിനുണ്ടാകുന്നത് വൻനഷ്ടം. റബ്ബറാണ് എസ്റ്റേറ്റിലെ പ്രധാന വരുമാനമാർഗം. എന്നാൽ, പുതുതായി വെക്കുന്ന റബ്ബർമരങ്ങളിൽ നല്ലൊരുഭാഗം ആന പിഴുതെറിയുകയാണ്. പത്തും ഇരുപതും മരങ്ങൾ നശിപ്പിക്കുന്ന ദിവസങ്ങളുണ്ട്. പിന്നീട് പെട്ടെന്ന് ഇതേ മേഖലയിൽ തൈകൾ നടാത്തതിനാൽ പലയിടവും ഇപ്പോൾ റബ്ബർമരങ്ങളില്ലാതെ കാടുപിടിച്ചുകിടക്കുകയാണ്.

എസ്റ്റേറ്റിലെ 2013 ഏരിയയിൽപ്പെടുന്ന പയ്യാനിക്കോട്ട മേഖലയിൽ ഒരുഭാഗത്ത് വെച്ചുപിടിപ്പിച്ച റബ്ബർമരങ്ങളിൽ ഒന്നുപോലുമിപ്പോഴില്ല. വലിയമേഖല കാടുപിടിച്ചുകിടക്കുകയാണ്. സി ഡിവിഷനിലെ 2012 മേഖലയും റബ്ബർമരങ്ങളില്ലാതെ ഇന്ന് മൊട്ടക്കുന്നായിമാറി. ആന കൂടുതൽ മരങ്ങൾ നശിപ്പിച്ച വനത്തോടുചേർന്ന മേഖലയാണിത്. അടുത്തിടെപോലും ആന നശിപ്പിച്ച മരങ്ങൾ ഈഭാഗത്ത് കാണാം. സി ഡിവിഷനിലെ 2012 ഏരിയയിലെ മുള്ളൻകുന്ന് ഭാഗവും ഇതേപോലെ ആന വലിയ നാശനഷ്ടമുണ്ടാക്കിയ സ്ഥലമാണ്. എ ഡിവിഷനിലെ നാലാം ഏരിയയിൽ റബ്ബർപാൽ എടുക്കാൻതുടങ്ങിയ മരങ്ങളാണ് ആന നശിപ്പിച്ചത്.

943 ഹെക്ടർ വരുന്ന പേരാമ്പ്ര എസ്റ്റേറ്റിൽ 508 ഹെക്ടറോളം സ്ഥലത്ത് റബ്ബർകൃഷിയാണ്. ഇതിൽ 410 ഹെക്ടറോളം സ്ഥലത്ത് റബ്ബർ ടാപ്പിങ്ങുണ്ട്. ദിവസം 3200 കിലോയോളം റബ്ബർപാൽ പേരാമ്പ്ര എസ്റ്റേറ്റിൽനിന്ന് ലഭിക്കാറുണ്ട്. കശുമാവിൻതോട്ടമാണ് പിന്നെയുള്ളത്. കുറെ ഭാഗം കാടുപിടിച്ചുകിടക്കുന്നു.

വനത്തോടടുത്ത പ്രദേശത്താണ് എസ്റ്റേറ്റ് പ്രവർത്തിക്കുന്നത്. പെരുവണ്ണാമൂഴി റിസർവോയറാണ് തൊട്ടടുത്തുള്ളത്. വെള്ളം കുടിക്കാനായി ആനകൾ എസ്റ്റേറ്റിലൂടെ കടന്നുപോവുക പതിവാണ്. റബ്ബർമരങ്ങൾ ഉള്ളിടങ്ങളിൽപോലും കാടുവെട്ടൽ ഫലപ്രദമായി നടക്കാറില്ല. റബ്ബറില്ലാത്തിടത്തെ സ്ഥിതി പറയുകയുംവേണ്ട. കാടുപിടിച്ചുകിടക്കുന്ന മേഖലയിൽ ആനകൾ വിഹരിക്കാൻ പതിവായി എത്തുകയാണെന്ന് തൊഴിലാളികൾ പറയുന്നു. അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങി രാവിലെ ആറോടെ ഡ്യൂട്ടിക്കായി എത്തേണ്ടവരാണ് തൊഴിലാളികൾ. രാത്രികാലത്താണ് ആനകളുടെ സഞ്ചാരം. പുലർകാലത്ത് ആനകളുടെ മുന്നിൽപ്പെടരുതേയെന്ന പ്രാർഥനയോടെ ജീവൻ പണയംവെച്ചാണ് തൊഴിലാളികൾ ജോലിക്കെത്തുന്നത്. ആനയെക്കണ്ട് തൊഴിലാളികൾ ഓടിരക്ഷപ്പെട്ട സംഭവങ്ങളും നേരത്തേയുണ്ടായിട്ടുണ്ട്.

ആനകളെ തടയാനായി ചിലഭാഗങ്ങളിൽ പേരിന് സോളാർവേലികളുണ്ട്. എന്നാൽ, ഇത് ഫലപ്രദമല്ല. ആനകളെ തുരത്തിയോടിക്കാൻ നിയോഗിക്കുന്ന രാത്രികാല കാവൽജോലിക്കാർക്കാകട്ടെ 15 പടക്കങ്ങൾ മാത്രമാണ് കൈയിലുണ്ടാകുക. ഇതുകൊണ്ടുമാത്രം ആനകളെ തുരത്തിയോടിക്കാനാകാത്ത സ്ഥിതിയാണ്. മാത്രമല്ല, കാടുപിടിച്ച സ്ഥലത്തുകൂടി ഇവർക്ക് സഞ്ചരിക്കുകയും എളുപ്പമല്ല. നേരത്തേ രാത്രികാവലിന് നിയോഗിച്ച ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ് അടുത്തിടെ അധികൃതർ ചെയ്തതെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. എസ്റ്റേറ്റിനുള്ളിലേക്ക് ആനകളെത്താതെ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം.