എലത്തൂർ: പെരുന്തുരുത്തിയിലെ എ.സി. ഷൺമുഖദാസ് സ്മാരക മിനി സ്റ്റേഡിയത്തിൽ അതിവേഗം കളിയാരവങ്ങൾ മുഴങ്ങും. ഇതിനുള്ള നടപടികൾ തുടങ്ങി. കളിക്കളത്തിൽ വളർന്നു പന്തലിച്ച പുല്ലും കാടും കോർപ്പറേഷൻ തൊഴിലാളികൾ വൃത്തിയാക്കിത്തുടങ്ങി. രണ്ട് ദിവസത്തിനുള്ളിൽ ശുചീകരണം പൂർത്തിയാകും. അവഗണനയിലായ കളിക്കളത്തെക്കുറിച്ച് ‘മാതൃഭൂമി’ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ച് പ്രവൃത്തി വിലയിരുത്തി. സ്റ്റേഡിയം പൂർണ അർഥത്തിൽ യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോൾ മത്സരങ്ങളും പരിശീലനവും തുടങ്ങാനുള്ള നടപടികളാണ് ആദ്യം ആരംഭിക്കുക. നിലവിൽ ഗോൾ പോസ്റ്റുകളുണ്ട്. ഇതിന്റെ ചുറ്റുപാടും വൃത്തിയാവുന്നതോടെ കളിയാരംഭിക്കാനാവും. ഇതിനായി പ്രദേശത്തെ സ്പോർട്സ് ക്ലബ്ബുകളുടെ യോഗം വിളിക്കുന്നുണ്ട്. സ്പോർട്സ് കൗൺസിലിന്റെ സഹായവും തേടും.

സ്പോർട്സ് പവിലിയൻ യാഥാർഥ്യമാകും.nസ്റ്റേഡിയത്തിൽ വോളിബോൾ, ബാസ്കറ്റ് ബോൾ. സ്കേറ്റിങ് റിങ് എന്നിവയ്ക്കായുള്ള കോർട്ട്, അത്‌ലറ്റിക്ക് ട്രാക്ക്, ജമ്പിങ് പിറ്റ് എന്നിവ സ്ഥാപിക്കും. ബോക്സിങ്, യോഗ, കളരി എന്നിവ നടത്താനായുള്ള കെട്ടിടത്തിന്റെ പണി പുരോഗതിയിലാണ്. ഇത് വേഗം പൂർത്തിയാക്കും. കെട്ടിടങ്ങളുടെ ഇലക്‌ട്രിഫിക്കേഷൻ ജോലികൾ ഉടൻ ആരംഭിക്കും. ‌

രാത്രിയിൽ കളികൾ നടത്താനാവശ്യമായ വെളിച്ച സംവിധാനവും സ്ഥാപിക്കും-അദ്ദേഹം പറഞ്ഞു. സോളാർ പാനൽ സ്ഥാപിക്കാനും ഫണ്ട് വിലയിരുത്തും. സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ ഉയർത്തും. എട്ട് ലക്ഷം രൂപ ചെലവിൽ നിർമിച്ച ഡ്രസ്സിങ് റൂംകെട്ടിടത്തിന്റെ പരിസരം ശുചിയാക്കിത്തുടങ്ങിയിട്ടുണ്ട്.

കോർപ്പറേഷൻ 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള ഇരുനില ക്കെട്ടിടത്തിന്റെ അനുബന്ധ പ്രവൃത്തി വേഗത്തിലാക്കും. ഇവിടെ ഇരിപ്പിടങ്ങൾ ഒരുക്കും.