കോഴിക്കോട്: പരിസ്ഥിതി ആഘാതവിലയിരുത്തൽ (ഇ.ഐ.എ.) വിജ്ഞാപനം ഇപ്പോഴത്തെ രൂപത്തിൽ നടപ്പായാൽ ജില്ലയിൽ ഖനനം വർധിക്കുമെന്ന് ആശങ്ക. ക്വാറി പ്രവർത്തനവും മണ്ണെടുക്കലും കൊണ്ട് ഇപ്പോൾത്തന്നെ മൃതപ്രായമായ ജില്ലയിലെ മലയോരങ്ങൾ ഇല്ലാതാവുന്നത് വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരായ ഡോ. ടി. ശോഭീന്ദ്രനും എം.എ. ജോൺസണും ചൂണ്ടിക്കാട്ടുന്നു.

ചെങ്ങോടുമല ഖനനത്തിനെതിരേ ശക്തമായ ജനകീയസമരങ്ങൾ നടന്നിട്ടും ലൈസൻസുണ്ടെങ്കിൽ ഖനനം നടത്താമെന്ന നിലപാടാണ് അധികാരികൾക്കെന്ന് എം.എ. ജോൺസൺ പറയുന്നു. ക്വാറികളുടെ പ്രവർത്തനംമൂലം സമീപത്തെ വീടുകൾക്ക് വിള്ളലുകളുണ്ടായ സംഭവങ്ങൾ ജില്ലയിൽ പലഭാഗത്തുമുണ്ടായിട്ടുണ്ട്. പ്രാദേശിക പ്രതിഷേധങ്ങൾ പോലും വിലക്കുന്ന കരടിലെ വ്യവസ്ഥകൾ നിയമമാകുകയാണെങ്കിൽ ആഘാതം വലുതായിരിക്കും. ജില്ലാതല പരിസ്ഥിതി ആഘാത വിലയിരുത്തൽ കമ്മിറ്റിയും അതോറിറ്റിയും ഇല്ലാതായിട്ട് രണ്ടുവർഷമായി.

സംസ്ഥാനതലത്തിലുള്ള കമ്മിറ്റിയാണ് ഇപ്പോൾ ക്വാറികൾക്കും മറ്റും പ്രവർത്തനാനുമതി നൽകുന്നത്. റവന്യൂവകുപ്പിന്റെ പരിശോധനകൾക്കു ശേഷമാണ് അനുമതി ലഭിക്കുന്നത്. എന്നാൽ, പലപ്പോഴും അപേക്ഷയിലെ അവകാശവാദങ്ങൾ അതേപടി അംഗീകരിക്കുന്ന നിലയാണുള്ളത്.