മുക്കം : വാഹനപരിശോധനയ്ക്കിടെ മുക്കം പോലീസ് സ്റ്റേഷനിലെ എസ്.ഐ.യെ വാഹനമിടിപ്പിച്ച് പരിക്കേൽപ്പിച്ചു. നിപ നിയന്ത്രണങ്ങളുടെ ഭാഗമായി കാരശ്ശേരി-കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ കക്കാട് മാളിയേക്കലിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കൊടിയത്തൂർ ഭാഗത്തുനിന്നും വന്ന ബൈക്ക് യാത്രികൻ എസ്.ഐ.യെ ഇടിപ്പിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ കൊടിയത്തൂർ തെനങ്ങാപറമ്പ് സ്വദേശി അബ്ദുള്ളയുടെ പേരിൽ മുക്കം പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.

മുക്കം ഭാഗത്തേക്കു പോകാൻപറ്റില്ലെന്ന് പറഞ്ഞ് ബൈക്ക് തടഞ്ഞപ്പോൾ തനിക്ക് മുക്കത്തേക്ക് പോകണമെന്നുപറഞ്ഞ് ഇയാൾ വാഹനം വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നുവെന്ന് എസ്.ഐ. പറഞ്ഞു. കൈയ്ക്ക് പരിക്കേറ്റ എസ്.ഐ. അബ്ദുറഹിമാനെ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.