കാരശ്ശേരി: മലയാളികൾ ഏറെയൊന്നും കൃഷിചെയ്ത് പരിചയമില്ലാത്ത ഫലവർഗവിപണിയിലെ പുതിയ താരമാണ് ഡ്രാഗൺ ഫ്രൂട്ട്. തെക്കുകിഴക്കൻ രാജ്യങ്ങളിൽ വ്യാപകമായ ഈ ഫലവർഗം കേരളത്തിലും കൃഷിചെയ്യുന്നത് ലാഭകരമെന്നു തെളിയിക്കുകയാണ് കാരശ്ശേരി ഗ്രീൻഗാർഡനിലെ ഉസ്സൻ.

ഇദ്ദേഹത്തിന്റെ നോർത്ത് കാരശ്ശേരിയിലെ നഴ്സറിയിൽ ആണ് ഡ്രാഗൺ ഫ്രൂട്ട് തൈകൾ തയ്യറാകുന്നത്. ഇവിടെ നട്ടുവളർത്തിയ ചെടി നിറയെ ചുവന്നുതുടുത്ത പഴങ്ങളുമായി ആളുകളെ ആകർഷിച്ച് നിൽക്കുകയാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇനമാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടി വർഗത്തിൽപ്പെട്ട ഡ്രാഗൺ പഴം മൂന്നു വർഷംമുമ്പ് പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലിചെയ്യുന്ന സജീവ് എന്ന സുഹൃത്താണ് നൽകിയത്.

പഴങ്ങൾക്ക് 150 മുതൽ 600 വരെ ഗ്രാം തൂക്കമുണ്ടാകും. ചിലപ്പോൾ അവയുടെ തൂക്കം ഒരു കിലോഗ്രാം വരെയും ആകാം. പൂർണവളർച്ചയെത്തിയ ഒരു ഡ്രാഗൺ ഫ്രൂട്ട് തൈയിൽ നിന്നും 20 വർഷം വരെ വിളവെടുക്കാം. കീടബാധ ഉണ്ടാവില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. വിത്തുകളെ കമ്പോസ്റ്റിലോ ചെടിച്ചട്ടികൾക്കുള്ള മണ്മിശ്രിതത്തിലോ മുളപ്പിക്കാം. വിതച്ച് 11 മുതൽ 14 വരെ ദിവസങ്ങൾക്കകം വിത്തുകൾ മുളയ്ക്കും. ഡ്രാഗൺ പഴത്തിന്റെ ചെടികളിൽ

രാത്രിയിലാണ് പൂക്കൾ വിടരുന്നത്. പൂവിട്ട് മുപ്പത് മുതൽ അൻപത് ദിവസങ്ങൾക്കകം ഫലം പാകമാകുന്നു. വർഷത്തിൽ അഞ്ചോ ആറോ വരെ വിളവെടുക്കാനും സാധിക്കും.