മുക്കം: മെഡിക്കൽ കോളേജിൽനിന്ന് മുക്കം സി.എച്ച്.സി.യിലേക്ക് റഫർ ചെയ്ത രോഗിക്ക് ആശുപത്രിയധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. ഇതോടെ വാരിയെല്ലൊടിഞ്ഞ വൃദ്ധയായ രോഗി ഒന്നരമണിക്കൂറോളം റോഡരികിൽ നിർത്തിയിട്ട ആംബുലൻസിൽ കിടന്നു.

ചാത്തമംഗലം കളൻതോട് സ്വദേശി ജാനുവാണ് വേദന കടിച്ചമർത്തി ഒന്നരമണിക്കൂറോളം ആംബുലൻസിൽ കിടന്നത്.

കഴിഞ്ഞ തിങ്കളാഴ്ച വീട്ടുമുറ്റത്ത് വീണതിനെത്തുടർന്നാണ് ജാനുവിന്റെ വാരിയെല്ലൊടിഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സിച്ചു. പിന്നീട് ഇവിടെ ആവശ്യത്തിന് കിടക്ക ഇല്ലാതായതോടെ ഇവരെ മുക്കം സി.എച്ച്.സി.യിലേക്ക് റഫർ ചെയ്യുകയായിരുന്നു. വൈകീട്ട് ആറരയോടെയാണ് ജാനുവും മകളും മുക്കം സി.എച്ച്.സി.യിൽ എത്തിയത്. മെഡിക്കൽ കോളേജിൽനിന്ന് റഫർ ചെയ്ത ശീട്ട് ഡൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നൽകിയെങ്കിലും രോഗിയെ പ്രവേശിപ്പിക്കാൻ ആശുപത്രിയിലെ ജീവനക്കാർ തയ്യാറായില്ല.

ഡോക്ടറില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. വീട്ടിലേക്ക് വിവരമറിയിച്ചതിനെത്തുടർന്ന് ജാനുവിന്റെ മകളുടെ മകനും സ്ഥലത്തെത്തി. തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലോ മറ്റേതെങ്കിലും സ്വകാര്യാശുപത്രിയിലോ പ്രവേശിപ്പിക്കാനായിരുന്നു അറ്റൻഡറുടെ മറുപടി. പരാതി നൽകിയാൽ ഇനിയൊരിക്കലും സി.എച്ച്.സി.യിൽനിന്ന് ചികിത്സ ലഭിക്കില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഇവർ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് മുക്കം എസ്.ഐ. സി.എച്ച്.സി.യിലെ ഡോ. ഷാജിയെ ബന്ധപ്പെട്ടു. ആശുപത്രിക്ക് തൊട്ടടുത്തുതന്നെയുണ്ടായിരുന്നു അസി. മെഡിക്കൽ ഓഫീസർ കൂടിയായ ഡോ. ഷാജി. ഡോക്ടർ കുറിപ്പ് നൽകിയതിനെത്തുടർന്നാണ് എട്ടേകാലോടെ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ജീവനക്കാർ തയ്യാറായത്. രോഗിയെ ആംബുലൻസിൽനിന്ന് ഇറക്കാനോ മറ്റു കാര്യങ്ങൾക്കോ ആശുപത്രിയിലെ ജീവനക്കാർ തയ്യാറായില്ല. മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരും ആംബുലൻസ് ഡ്രൈവറുമെല്ലാം ചേർന്നാണ് രോഗിയെ ആശുപത്രി കിടക്കയിലേക്ക് മാറ്റിയത്. ഇത്രയുംനേരം റോഡരികിൽ നിർത്തിയിട്ട ആംബുലൻസിൽ കിടക്കുകയായിരുന്നു ജാനു.

“സംഭവസമയത്ത് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഇല്ലാത്തതിനാലാണ് പ്രവേശനം നിഷേധിച്ചത്. രാവിലെ ഒൻപത് മണി മുതൽ വൈകീട്ട് ആറുമണി വരെയേ സി.എച്ച്.സി.യിൽ ഡോക്ടർമാർ ഉണ്ടാകൂ. മുഴുവൻസമയ പ്രവർത്തനത്തിന് എട്ട് ഡോക്ടർമാരെങ്കിലും വേണം”

എം. മോഹൻ

മെഡിക്കൽ ഓഫീസർ