കോഴിക്കോട് : പ്രളയദുരിതാശ്വാസത്തിൽനിന്ന് 77,600 രൂപ ബന്ധുവായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ വിജിലൻസ് ഡെപ്യൂട്ടികളക്ടറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിനെ അന്വേഷണവിധേയമായി കളക്ടർ സസ്പെൻഡ് ചെയ്തു. 2018-ലെ പ്രളയദുരിതാശ്വാസഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറി നടന്നതായി തിങ്കളാഴ്ച സീനിയർ ഫിനാൻസ് ഓഫീസർ കെ.പി. മനോജൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയതിനുപിന്നാലെയാണ് നടപടി.

പ്രളയദുരിതാശ്വാസ സഹായമായ 10,000 രൂപ അടിയന്തരമായി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണമെന്ന് അന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതുപ്രകാരം പണം 23,000-ത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വെച്ചു. ഇതിൽ പലർക്കും അബദ്ധത്തിൽ ഒന്നിലേറേ തവണ പണം അയച്ചയായി അന്നേ കണ്ടെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നോട്ടീസും നൽകി.

എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ധനകാര്യ ഇൻസ്പെക്‌ഷൻ വിഭാഗം നേരത്തേ പരിശോധിച്ചപ്പോഴാണ് ഒരു അക്കൗണ്ടിൽ 16 തവണയായി 77,600 രൂപ വരവ് വെച്ചതായി കണ്ടെത്തിയത്. ഇത് കളക്ടർക്ക് റിപ്പോർട്ട് ചെയ്തു.

പിന്നാലെ കോഴിക്കോട് തഹസിൽദാർ ഇത് അന്വേഷിച്ചു ക്രമക്കേട് നടന്നതായി കണ്ടെത്തി. തുടർന്നാണ് സീനിയർ ഫിനാൻസ് ഓഫീസറോട് വിഷയം പഠിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ആവശ്യപ്പെട്ടത്. പണം അനുവദിച്ച സമയത്ത് കോഴിക്കോട് താലൂക്കിൽ ജോലിചെയ്തിരുന്ന വ്യക്തിയാണ് സസ്പെൻഷനിലായ ജൂനിയർ സൂപ്രണ്ട്.