കോഴിക്കോട്: ഒരു നട്ടുച്ചയ്ക്കാണ് ഊണ് കഴിഞ്ഞ് വീടിന്റെ മുകൾനിലയിൽ വിശ്രമിക്കുകയായിരുന്ന ഹരിദാസന് താഴത്തെ നിലയിൽനിന്ന് ഭാര്യ കൃഷ്ണവേണിയുടെ വാട്‌സാപ്പ് സന്ദേശമെത്തുന്നത്... ‘‘നമുക്കൊരു ഫോട്ടോഷൂട്ട് നടത്തിയാലോ’’? ഒട്ടും അമ്പരക്കാതെ ഉടനെവന്നു ഹരിദാസന്റെ യെസ്. പിന്നെ ഒന്നും ആലോചിച്ചില്ല. ബന്ധുകൂടിയായ ഫോട്ടോഗ്രാഫർ രാകേഷിനെ വിളിച്ചു കാര്യം പറഞ്ഞു. ബാക്കി ‘ചിത്രം’ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

കോവിഡ് കാലത്തെ ഒറ്റപ്പെടലിനും മടുപ്പിനുമിടയിൽ റിട്ട. ജീവിതം ആഘോഷമാക്കുന്ന ദമ്പതിമാർക്ക് ഫോട്ടോഷൂട്ട് പകർന്ന ആശ്വാസം ചെറുതല്ല. എലത്തൂർ ചെട്ടികുളം കണ്ണംവള്ളിപറമ്പ് ‘ഹരികൃഷ്ണ’യിൽ 65-കാരനായ ഹരിദാസനും 58-കാരിയായ കൃഷ്ണവേണിയും നവദമ്പതിമാരെപ്പോലെ ഫോട്ടോഷൂട്ടിൽ നിറഞ്ഞപ്പോൾ പ്രായം മാറിനിന്നു. ചെട്ടികുളം ബസാർ ബീച്ചിലായിരുന്നു ഫോട്ടോ ഷൂട്ട്. ചട്ടയും മുണ്ടും ഉടുത്ത് കൃഷ്ണവേണി. അതിന് മാച്ചാകുന്ന മുണ്ടും ബനിയനും ന്യൂജെൻ ഷൂവും അണിഞ്ഞ് ഹരിദാസൻ. ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞ് ഫോട്ടോകൾ അയച്ചുകൊടുത്തപ്പോഴാണ് മക്കളും മരുമക്കളുമൊക്കെ വിവരമറിയുന്നത് തന്നെ. എന്തായാലും എല്ലാത്തിനും പിന്തുണയുമായി മക്കളായ അമിതയും അഞ്ജലിയും മരുമക്കളായ വരുൺരാജും ബിബിൻ സുകുമാരനും എത്തിയതോടെ സംഭവം ‘കളറായി’.

‘ജീവിതം അങ്ങനെ വെറുതെ ജീവിച്ചു തീർക്കാനുള്ളതല്ല എന്ന സന്ദേശം നൽകാനാണുദ്ദേശിച്ചത്. വിരസമാക്കേണ്ടതുമല്ല, നമ്മുടെ നാട്ടിൽ കല്യാണം കഴിഞ്ഞ് കുട്ടികളെ വളർത്തി പിന്നെ അവരുടെ കുട്ടികളെയും നോക്കിക്കഴിഞ്ഞാൽ അടുത്തത് മരണംവരെ എങ്ങനെയെങ്കിലും ജീവിക്കുക എന്ന കാഴ്ചപ്പാടാണ്. അതല്ല ജീവിതം ഏത് പ്രായത്തിലും ആസ്വദിക്കാനുള്ളതാണ് എന്നാണ് പറയാൻ ശ്രമിച്ചത്’ - കൃഷ്ണവേണി നയം വ്യക്തമാക്കുന്നു.

viral photoshoot
കൃഷ്ണവേണിയുടേയും ഹരിദാസന്റേയും വൈറല്‍ ഫോട്ടോഷൂട്ടില്‍ നിന്ന് (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ചതാണ് ഹരിദാസൻ. കൃഷ്ണവേണി വീട്ടമ്മയും. രണ്ട് മക്കളും കുടുംബത്തോടൊപ്പം ദുബായിൽ. വർഷത്തിൽ നാലു തവണയെങ്കിലും ദുബായിൽ പോയി കുറേദിവസം താമസിച്ചുതിരിച്ചുവരും. അങ്ങനെയായിരുന്നു കോവിഡ് കാലത്തിനുമുമ്പുവരെ ജീവിതം. എല്ലാം നിലച്ചതോടെ വല്ലാത്ത മടുപ്പ് തോന്നി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ഫോട്ടോ ഷൂട്ട് നടത്തിയാലോ എന്ന് ചിന്തിച്ചത്-കൃഷ്ണവേണി പറയുന്നു. ഡ്രസ്സും ആശയവുമെല്ലാം പറഞ്ഞുകൊടുത്തു. രാകേഷ് അതുപോലെ ചെയ്തു.

viral photoshoot
കൃഷ്ണവേണിയുടേയും ഹരിദാസന്റേയും വൈറല്‍ ഫോട്ടോഷൂട്ടില്‍ നിന്ന് (നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

കള്ളുഷാപ്പിന്റെ ഗ്രാഫിക്സ് പശ്ചാത്തലമാക്കിയൊക്കെ ചെയ്ത ചിത്രങ്ങൾക്കെതിരേ ചില കോണുകളിൽനിന്ന് എതിരഭിപ്രായവും വന്നു. എന്നാൽ അതൊക്കെ ഫോട്ടോകൾക്ക് രസംപകരാൻ ഉപയോഗിച്ചതാണ്. അതിലപ്പുറമൊന്നും ചിന്തിക്കേണ്ടതില്ല എന്നേ പറയാനുള്ളൂ-ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. ഷൂട്ടൊക്കെ കഴിഞ്ഞ് മടങ്ങുമ്പോൾ രാകേഷിന്റെ കമൻഡ്‌- ഫോട്ടോഷൂട്ടിന് കിട്ടണമെങ്കിൽ ഇതുപോലത്തെ ദമ്പതിമാരെ കിട്ടണം.