കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ടിന് കാരണമാകുന്ന ഓവുചാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാൻ കോർപ്പറേഷൻ ശ്രമം. ഇതിന്റെ ഭാഗമായി ഓവുചാലുകൾ പല ഭാഗങ്ങളായി തിരിച്ച് മാലിന്യം നീക്കംചെയ്തുതുടങ്ങി. പ്ലാസ്റ്റിക് കുപ്പികളും പഴന്തുണികളുമായിരുന്നു ഓവുചാലുകളിൽ നിറയെ. രാത്രിയിലും പണിനടത്തി ഒറ്റദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കാനാണ് ശ്രമം.

അരയിടത്തുപാലം കഴിഞ്ഞശേഷം ഓവുചാൽ ബേബി മെമ്മോറിയൽ ആശുപത്രി വളപ്പിലൂടെയാണ് കനോലി കനാലിൽ എത്തുന്നത്. ഇവിടെയും ബൈപ്പാസിന് കുറകെയുള്ള കലുങ്കിന് അടിയിലും മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണെന്ന് പരിശോധനയിൽ വ്യക്തമായി. യു.എൽ.സി.സി.യുടെ സഹകരണത്തോടെയാണ് ഓവുചാലിലെ മാലിന്യം നീക്കുന്നത്.

മാവൂർറോഡിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് ഓവുചാലുകളിലൂടെ പോകുന്ന കേബിളുകളും പൈപ്പും മാറ്റി സ്ഥാപിക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പരിശോധിക്കും.

മാവൂർ റോഡ്, സ്റ്റേഡിയം ജങ്ഷൻ, കോട്ടൂളി, തങ്ങൾസ് റോഡ്, കോതി, വെള്ളരിത്തോട് തുടങ്ങിയ ഭാഗങ്ങളിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും. ഫ്ളഡ് സ്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.

പി.ഡബ്ല്യു.ഡി., ബി.എസ്.എൻ.എൽ., ഇറിഗേഷൻ, പോലീസ്, ഹാർബർ എൻജിനിയറിങ്, റവന്യൂ, കോർപ്പറേഷൻ എക്സിക്യൂട്ടീവ് എൻജിനിയർമാർ എന്നിവരുടെ യോഗം വിളിച്ചു. ഡെപ്യൂട്ടി മേയർ മീര ദർശക്‌ അധ്യക്ഷയായി.

സ്ഥിരംസമിതി അധ്യക്ഷരായ കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, പി.സി. രാജൻ, എക്സി.എൻജിനിയർമാരായ ജയൻ, കെ.പി. രമേഷ് ബാബു, അസി.എക്സിക്യൂട്ടീവ് എൻജിനിയർ ബിസിനി, ഹെൽത്ത് സൂപ്പർവൈസർ ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.