‘ലൈക്ക്’ കിട്ടിയാൽ ഡി.സി.സി.പ്രസിഡന്റാവുമോ...കോഴിക്കോട് : കോൺഗ്രസിൽ അഴിച്ചുപണി തുടങ്ങിയതോടെ ജില്ലാതലങ്ങളിലും തലമുറമാറ്റത്തിന് സാധ്യതയുണ്ടാവുമെന്ന് കരുതി ഡി.സി.സി. പ്രസിഡന്റാവാനും ചിലർ പല തന്ത്രങ്ങളും പയറ്റിത്തുടങ്ങി. കോവിഡ്കാലമായതിനാലാവാം ഓൺലൈനായാണ് ചരടുവലികൾ അരങ്ങേറുന്നത്.

താരതമ്യനേ ജൂനിയറായ ഒരു ഡി.സി.സി. ഭാരവാഹിയാണ് ഇതിൽ പ്രധാനിയെന്നാണ് കോൺഗ്രസുകാർതന്നെ പറയുന്നത്. സ്ഥാനാർഥിപ്പട്ടികപോലെ പ്രസിഡന്റ്‌ പട്ടികയിലെങ്കിലുമൊന്ന് ഇടംകിട്ടിയാൽ മതിയെന്ന മട്ടിലാണിവർ. ഫെയ്‌സ്‌ബുക്കിൽ ലൈക്ക് അധികംകിട്ടുന്നവർ ഡി.സി.സി. പ്രസിഡന്റാവണമെന്നാണ് ഏറ്റവും കൂടുതൽ പേർ ആഗ്രഹിക്കുന്നതെന്ന് നേതൃത്വം കരുതിയാലോ...അങ്ങനെ പല പല കിനാവുകളാണ് ഓൺലൈൻ തന്ത്രങ്ങൾക്ക് പിറകിൽ.

‘ആരാണ് നിങ്ങൾ ആഗ്രഹിക്കുന്ന പ്രസിഡന്റ്‌’ എന്നപേരിൽ ഒരു ഡി.സി.സി. ഭാരവാഹി ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ സർവേ ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെതടക്കം ഏഴുപേരുകൾ സർവേയിലെ പട്ടികയിലുണ്ട്. അതിൽനിന്ന് ആരെയും പിന്തുണയ്ക്കാം.

ഈ സർവേ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ഥാനമോഹികളല്ലാത്തവർ തങ്ങളുടെ പേരുകൾ അതിൽ ഉൾപ്പെടുത്തിയതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ്. സ്വപ്നത്തിൽപ്പോലും പദവി ആഗ്രഹിക്കാത്ത ഒരുപറ്റം നേതാക്കൾക്കൊപ്പം തന്റെപേരുകൂടെ ചേർത്ത് സ്വയംപ്രസിഡന്റാവാനാണ് ഇൗ ഡി.സി.സി. ഭാരവാഹി ശ്രമിക്കുന്നതെന്നാണ് പരാതി. പി.ആർ. ഏജൻസികളുടെ പിന്തുണയോടെയാണ് ഇത്തരം സർവേകളെന്നും പരാതിയുണ്ട്.

പ്രസിഡന്റ്‌ പദവി കിട്ടിയാലും ഇല്ലെങ്കിലും സർവേഫലം എന്തായിരിക്കുമെന്ന് അറിയാൻ കോൺഗ്രസുകാർക്കെല്ലാവർക്കും ആകാംക്ഷയുണ്ട്.