കോഴിക്കോട് : സിവിൽസ്റ്റേഷൻ വളപ്പിലെ കാൻറീൻ ഓവുചാലിൽനിന്നുള്ള മലിനജലം റോഡിലേക്കൊഴുകി സമീപത്തെ വീട്ടുകാർക്ക് ദുരിതമാവുന്നു. കിണറിലെ വെള്ളത്തിന്റെ നിറംമാറി ദുർഗന്ധംകൊണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ ആളുകൾക്ക്‌ പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ടിവരുകയാണ്.

മലിനജലം ഉറവയായി ഇറങ്ങുന്നതിനാൽ സമീപത്തെ സ്വകാര്യാശുപത്രിയുടെ ഹോസ്റ്റലിലെ കിണർ ഒന്നരവർഷത്തോളമായി ഉപയോഗിക്കാൻ പറ്റാതായിട്ട്. പകരം ടാങ്കറിൽ വെള്ളംകൊണ്ടുവരികയാണ്. ദുർഗന്ധംകൊണ്ട് വീട്ടിലിരിക്കാൻ കഴിയുന്നില്ലെന്ന്‌ സിവിൽസ്റ്റേഷൻ കോമ്പൗണ്ടിന്റെ മതിലിനോടുചേർന്ന് താമസിക്കുന്ന അധ്യാപകൻ വിജിത് പറയുന്നു.

ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ പുറകുവശത്തെ മതിലിന്റെ അടിഭാഗത്തുകൂടെയാണ് പിറകിലെ സൗത്ത് സിവിൽസ്റ്റേഷൻ റോഡിലേക്ക് മലിനജലമൊഴുകുന്നത്. മഴപെയ്യുമ്പോൾ പരന്നൊഴുകുന്നതിനാൽ അതുവഴി നടന്നുപോവാൻപോലും കഴിയില്ല. മുപ്പതോളം വീട്ടുകാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്.

നിരന്തരമായി പരാതിപ്പെട്ടതിനെത്തുടർന്ന് തത്‌കാലം സിമന്റുതേച്ച് മലിനജലമൊഴുകുന്ന ഭാഗം അടച്ചിട്ടുണ്ട്. പക്ഷേ, ഇതൊരു താത്‌കാലികപരിഹാരംമാത്രമാണെന്നാണ് സമീപവാസികൾ പറയുന്നത്. കെട്ടിടം നിർമിക്കുന്ന സമയത്ത് മലിനജലസംസ്കരണത്തിന് സംവിധാനമൊരുക്കാത്തതാണ് കാരണമെന്നും ഇവർ പറയുന്നു.