നടുവണ്ണൂർ: ‘പ്രളയം വന്നപ്പോ വീടും തൊഴുത്തും പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിതമാർഗമായിരുന്നു പശുക്കൾ. ഞങ്ങൾ വീണ്ടും കൈത്താങ്ങിൽ ജീവിച്ചുതുടങ്ങുകയാണ്’. സംസ്ഥാന സഹകരണവകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ വീട് ലഭിച്ച ഭാവനാ സുരേഷ് പറഞ്ഞു. 32 വർഷം മുൻപ് ഇരിങ്ങാലക്കുടയിൽനിന്ന് കോഴിക്കോട്ടെത്തിയതാണ് ട്രാൻസ്‌ജെൻഡറായ ഭാവന.

മന്ദങ്കാവിലെ പടിയക്കണ്ടിപ്പറമ്പിൽ ഷീറ്റുകൊണ്ട് മറച്ച വീട്ടിൽ തമിഴ്‌നാട് സ്വദേശിയായ ഭർത്താവ് സുരേഷുമൊത്ത് താമസിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പ്രളയത്തിൽ രാമൻപുഴയിലൂടെ വെള്ളംകയറി വീടും തൊഴുത്തും നശിച്ചു. കരുതിവെച്ച പണവും പ്രളയമെടുത്തു. പത്തു കോഴികളുള്ളതിൽ ഒമ്പതെണ്ണം ഒഴുകിപ്പോയി. കൈയിൽ കിട്ടിയതെല്ലാമെടുത്ത് മൂന്ന് പശുക്കളെയുംകൊണ്ട് തൊട്ടടുത്ത പറമ്പിൻകാടിലെ വിറക് നിർമാണശാലയിലേക്ക് മാറി. വർധിച്ച ചൂടിൽ ഒരു പശു കുഴഞ്ഞുവീണ് ചത്തു. തൊഴുത്തില്ലാഞ്ഞതിനാൽ ബാക്കി രണ്ടിനെയും വിറ്റതോടെ വരുമാനമാർഗവുമില്ലാതായി. കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ചേലേരി മമ്മുക്കുട്ടി മന്ദങ്കാവ് ലക്ഷംവീട് കോളനിയിൽ നാലുസെന്റ് സ്ഥലം സൗജന്യമായി വാങ്ങിക്കൊടുത്തു. നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങിയത്. ഇവിടെ 5.3 ലക്ഷം രൂപ ഉപയോഗിച്ച് കാവുന്തറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് വീട് നിർമിച്ചത്‌.

രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും ഉണ്ട്. പെയ്ന്റ് പണി ബാക്കിയുണ്ട്. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ താക്കോൽ കുടുംബത്തിന് കൈമാറി. ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഭാവനയും സുരേഷും പുതിയ വീട്ടിൽ താമസംതുടങ്ങി. ക്ഷീരഗ്രാമം പദ്ധതിയിൽ നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്.