നല്ലളം: ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ‘സാന്ത്വനമേകാൻ കൈകോർക്കാം’ അഞ്ചാംഘട്ടം ഞായറാഴ്ച തുടങ്ങും. നിർധനരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനായാണ് എട്ടായിരത്തോളം സന്നദ്ധപ്രവർത്തകർ വീടുകളിലെത്തുന്നത്. നിർധനരെ സഹായിക്കാൻ ട്രസ്റ്റ് ജനകീയപങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. ഞായറാഴ്ച പണംസ്വരൂപിക്കാനായി വീടുകളിൽ എൽപ്പിക്കുന്ന കവർ 17-ന് തിരിച്ചെടുക്കുകയുംചെയ്യും.

പത്തുവർഷമായി തുടരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് കഴിഞ്ഞ നാലുഘട്ടങ്ങളിലായി ജീവകാരുണ്യപ്രവർത്തകർ പൊതുജനങ്ങളിൽനിന്ന് സമാഹരിച്ചത് ഒന്നേമുക്കാൽ കോടിയോളം രൂപയാണ്. പത്തുവർഷത്തിനിടെ ഇരുപത്തിയേഴായിരത്തോളം സൗജന്യ ഡയാലിസിസ് വഴി രണ്ടേമുക്കാൽ കോടിയോളം രൂപയുടെ സഹായം നിർധനരായ വൃക്കരോഗികൾക്കുനൽകാൻ ട്രസ്റ്റിന്‌ കഴിഞ്ഞു. നൂറ്റിയിരുപത് വൃക്കരോഗികൾ ഈസഹായം ലഭിക്കാൻവേണ്ടി ഇപ്പോഴും കാത്തിരിപ്പുപട്ടികയിലാണ്. ഇവർക്കുകൂടി സേവനം ലഭ്യമാക്കാനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് ഭാരവാഹികൾ.

ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളത്തെ ഡയാലിസിസ് സെന്ററിൽനടന്ന പത്രസമ്മേളനത്തിൽ ട്രസ്റ്റ് കൺവീനർ കെ. ഗംഗാധരൻ, ഡയറക്ടർമാരായ വാളക്കട ബാലകൃഷ്ണൻ, ഹാപ്പി ഖാലിദ്, പിലാക്കാട് ഷൺമുഖൻ, ബഷീർ കുണ്ടായിത്തോട്, ഫസൽ റഹ്മാൻ, പൊതുപ്രവർത്തകരായ ശശിധരൻ നാരങ്ങയിൽ, വി. മുഹമ്മദ് ഹസൻ, എൻ.കെ. ബിച്ചിക്കോയ, ഉദയൻ കാർക്കോളി തുടങ്ങിയവർ പങ്കെടുത്തു.