ബാലുശ്ശേരി: വയലട മലമുകളിൽ കുടിവെള്ളമെത്തിക്കാൻ 15 വർഷങ്ങൾക്കുമുൻപ് ആരംഭിച്ച വയലട - കണ്ണിവയൽ കുടിവെള്ള പദ്ധതി ഇനിയും യാഥാർഥ്യമായില്ല. എം.പി. ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് വയലട - കുറുമ്പൊയിൽ റോഡരികിൽ കുളവും പമ്പ് ഹൗസും നിർമിച്ചിട്ട് വർഷം 15 കഴിഞ്ഞു.

ഓരോ വർഷത്തെയും വേനലിന്‌ കുടിവെള്ളം ഉടനെത്തും എന്ന് പറഞ്ഞ് മോഹിപ്പിക്കുകയല്ലാതെ വെള്ളം എത്തിക്കാൻ നടപടിയുണ്ടാകാറില്ലെന്ന് മലമുകളിൽ താമസിക്കുന്നവർ പറയുന്നു. മലമുകളിലേക്ക് കുടിവെള്ളം എത്തണമെങ്കിൽ ലക്ഷങ്ങൾ ഇനിയും ചെലവഴിക്കേണ്ടതുണ്ട് കുളത്തിന് സമീപം വരെ ത്രീഫെയ്സ് വൈദ്യുതി ലൈൻ എത്തിയിട്ടുണ്ട്. മോട്ടോർ, ജലവിതരണ പൈപ്പുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ഇതെല്ലാമെത്തിയാലും കുളത്തിൽ ആവശ്യത്തിന് വെള്ളമില്ലാത്തത് പ്രശ്നമാണ്‌.

കുളത്തിന് സമീപം പാറമണൽ നിറച്ചത് നീറുറവ വറ്റാൻ കാരണമായിട്ടുണ്ട്. കുളവും പമ്പ് ഹൗസും ചുറ്റും കാടുനിറഞ്ഞ് അതിനകത്താണുള്ളത്. പദ്ധതി നടപ്പായിക്കാണാൻ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കുടിവെള്ളം തേടി ഓരോ വേനൽക്കാലത്തും കുന്നിറങ്ങേണ്ടി വരുന്ന തങ്ങൾക്ക് ഇനിയും വാഗ്ദാനങ്ങൾ കേൾക്കാനാവില്ലെന്ന നിലപാടിലാണ് മലമ്പ്രദേശത്തുകാർ.

പദ്ധതി യാഥാർഥ്യമാക്കും

വയലട കണ്ണിവയൽ കുടിവെള്ള പദ്ധതി പൂർത്തീകരിക്കാൻ 10 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്നും കൂടുതൽ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി യാഥാർഥ്യമാക്കുെമന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ അറിയിച്ചു. .