കൊടിയത്തൂർ: മാഹി മയ്യഴിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ മുറത്തുംമൂല അഖിലിന്റെ മൃതദേഹം കണ്ടെടുത്തത് സി.കെ. ഷബീറിന്റെ നേതൃത്വത്തിലുള്ള പുൽപ്പറമ്പ് രക്ഷാസേന. പതങ്കയത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആഷിഖിന്റെ മൃതദേഹവും എട്ടുദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തുടുത്തതും ഷബീറായിരുന്നു.

വെള്ളിയാഴ്ച മാഹി റെയിൽപ്പാളത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അഖിലിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് ശനിയാഴ്ച പുലർച്ചെ 14 പേരടങ്ങുന്ന പുല്പറമ്പ് സേന ശബീറിന്റെ നേതൃത്വത്തിൽ ബോട്ടുമായി പുറപ്പെട്ടു. പുഴയിലിറങ്ങി മണിക്കൂറുകൾക്കകം മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോമ്പാല സി.ഐ. ടി.പി. സുമേഷിന്റെ നേതൃത്വത്തിൽ പോലീസും വടകര അഗ്നി രക്ഷാസേനയും തിരിച്ചിലിനെത്തിയിരുന്നു.

മലയോരമേഖലയിൽ വെള്ളത്തിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാനും കണ്ടെടുക്കാനും സി.കെ. ഷബീറിന്റെ നേതൃത്വത്തിലുള്ള പുൽപ്പറമ്പ് സേന സദാസന്നദ്ധമാണ്. പോലീസും അഗ്നി രക്ഷാ സേനയും നാട്ടുകാരും അപകടങ്ങളുണ്ടായാലുടൻ ഇവരെ വിളിക്കാറുണ്ട്. എതു കുത്തൊഴുക്കിലും അപകടാന്തരീക്ഷത്തിലും മുങ്ങിത്തപ്പി ആളുകളെ കണ്ടെടുക്കാനും രക്ഷിക്കാനുമുള്ള ഷബീറിന്റെയും കൂട്ടുകാരുടേയും വൈദഗ്ധ്യവും ധീരതയും തന്നെ കാരണം. മണൽവാരൽ ഉണ്ടായിരുന്ന സമയത്ത് പുഴയിൽ മുങ്ങി മണലെടുക്കുന്നതായിരുന്നു ഷബീറിന്റെ തൊഴിലും വരുമാനവും.

ഭാര്യയും മൂന്ന് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായ ഷബീർ കാര്യമായ തൊഴിലും വരുമാനവുമില്ലെങ്കിലും രക്ഷാപ്രവർത്തനത്തിന് ആര് വിളിച്ചാലും എത്ര ദിവസം വേണമെങ്കിലും സന്നദ്ധനായിരിക്കും. അപകടത്തിൽപ്പെടുന്നവരുടെ ബന്ധുക്കളുടെ സങ്കടം സ്വന്തം സങ്കടമായാണ് ഷബീറിന് അനുഭവപ്പെടുന്നത്.

പതങ്കയത്ത് ഓണാഘോഷമെല്ലാം ഉപേക്ഷിച്ച് എട്ട് ദിവസം തുടർച്ചയായി വെള്ളത്തിൽ തിരിച്ചിൽ നടത്തി ഒടുവിൽ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടിയ ശേഷം മാത്രമാണ് ഷബീറും കൂട്ടുകാരും മടങ്ങിയത്. നാട്ടുകാർ പുൽപ്പറമ്പ് സന്നദ്ധസേനയ്ക്ക് പിന്നിൽ സകലപിന്തുണയുമായുണ്ട്. പ്രവാസികളടക്കമുള്ളവർ ചേർന്ന് കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങളും ബോട്ടും വാങ്ങി നൽകി.