കാരശ്ശേരി: ഗ്രാമപ്പഞ്ചായത്തിലെ കുമാരനെല്ലൂർ തടപറമ്പ് കോളനി റോഡിൽ ചെങ്കല്ല് കെട്ടിയടച്ചത് ഒഴിപ്പിക്കുന്നത് നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 11.30 ഓടെയാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, മുക്കം എസ്.ഐ. കെ. ഷാജിദിന്റെ സഹായത്തോടെ മതിൽ പൊളിക്കാൻ എത്തിയത്.

എന്നാൽ കോളനിയിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത് തടയുകയായിരുന്നു. സ്വകാര്യവ്യക്തികൾക്ക് കോളനിക്കാരുടെ സ്ഥലത്തുകൂടി റോഡ് അനുവദിക്കാൻ നീക്കമുണ്ടായതിനെത്തുടർന്നാണ് മതിൽകെട്ടിയത്. അവർ വ്യക്തമാക്കി. റോഡ് പഞ്ചായത്തിന്റേതല്ലെന്നും കോളനിയിലെ താമസക്കാർ സ്ഥലം വിട്ടുനൽകി നിർമിച്ചതാണന്നും പ്രദേശവാസികൾ പറഞ്ഞു. തൊട്ടടുത്തുകൂടി റോഡ് ഉണ്ടാക്കാൻ സൗകര്യമുണ്ടെന്നും ആ സ്ഥലത്തുകൂടി ഉണ്ടാക്കണമെന്നുമാണ് കോളനിവാസികൾ ആവശ്യപ്പെട്ടത്.

കഴിഞ്ഞ പഞ്ചായത്ത് സ്റ്റിയറിങ്‌ കമ്മിറ്റി തീരുമാനപ്രകാരമാണ് അനധികൃതമായി കെട്ടിയ മതിൽ പൊളിക്കാനായി പോയതെന്നും നാട്ടുകാർ എതിർത്തപ്പോൾ ക്രമസമാധാനപ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതി താത്‌കാലികമായി തിരിച്ചുപോരുകയായിരുന്നുവെന്നും പഞ്ചായത്ത് സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ് പറഞ്ഞു.

തടപ്പറമ്പ് കോളനിക്കാർക്ക് രണ്ടായിരത്തിലാണ് സ്ഥലത്തിന് പട്ടയം ലഭിച്ചത്. ഈ സമയത്ത് ഇവിടേക്ക് ഒരു നടവഴിമാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ നാട്ടുകാർ സ്ഥലം വിട്ടുനൽകി റോഡ് വീതികൂട്ടുകയും രണ്ടുവർഷംമുൻപ് പഞ്ചായത്ത് റോഡ് ടാർ ചെയ്യുകയുമായിരുന്നു. സ്ഥലം പഞ്ചായത്തിന് വിട്ടുനൽകിയിട്ടില്ലെന്ന് നാട്ടുകാരും പഞ്ചായത്തിന്റെയാണെന്ന് പഞ്ചായത്തധികൃതരും പറയുന്നതിനാൽ രേഖകൾ പരിശോധിച്ചശേഷം തുടർ നടപടിയെടുക്കാമെന്ന മുക്കം എസ്.ഐ. ഷാജിദിന്റെ നിർദേശത്തെത്തുടർന്നാണ് പ്രശ്നത്തിന് താത്‌കാലിക പരിഹാരമായത്.