വൈക്കിലശ്ശേരി: ‘ഓർക്കാട്ടേരി-ചോറോട് റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട തണൽമരങ്ങൾക്ക് പകരമായി റോഡരികിൽ 50 മരങ്ങൾ വെച്ചുപിടിപ്പിക്കുക’- വൈക്കിലശ്ശേരി യു.പി. സ്കൂളിൽ ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടിമന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു. കൃഷിമന്ത്രിക്ക് ചുമതലയും നൽകി.

ഒപ്പം പ്രധാനപ്പെട്ട മറ്റുചില തീരുമാനങ്ങളുമെടുത്തു. പ്ലാസ്റ്റിക്കിനെ പടികടത്തുക, മുഴുവൻ കുട്ടികളും സ്റ്റീൽപാത്രം ഉപയോഗിക്കുക, ശുചിത്വം പാലിക്കുക, കൃഷി ചെയ്യുക. 50 മരങ്ങൾ നട്ടുകൊണ്ട് തീരുമാനം പെട്ടെന്നുതന്നെ നടപ്പാക്കുകയും ചെയ്തു. ജനാധിപത്യവും അതിന്റെ രീതികളും കുട്ടികൾക്ക് വ്യക്തമായി മനസ്സിലാകുംവിധമാണ് വൈക്കിലശ്ശേരി യു.പി. സ്കൂളിൽ മന്ത്രിമാരെ തിരഞ്ഞെടുക്കലും മന്ത്രിസഭാരൂപവത്കരണവുമൊക്കെ നടന്നത്.

നാമനിർദേശ പത്രികാസമർപ്പണം മുതൽ ചിഹ്നം അനുവദിക്കലും പ്രചാരണവും കൊട്ടിക്കലാശവുംവരെ ഉണ്ടായി. തിരഞ്ഞെടുപ്പുദിവസം വിരലിൽ മഷിപുരട്ടി ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്തു. പിന്നീട് ആകാംഷയോടെ വോട്ടെണ്ണലിനായി കാത്തിരിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവരെ വെച്ച് മന്ത്രിസഭ രൂപവത്കരിച്ചു.

എല്ലാവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏഴാം ക്ലാസിലെ കാർത്തികാണ് സ്കൂൾ ലീഡർ. യുക്താ നമ്പ്യാർ, മാനസി, സായ് കൃഷ്ണ, ഹന്ന ഷെറിൻ, മുർഷിദ എന്നിവർ നേതൃത്വം നൽകി.