ഓർക്കാട്ടേരി: വീടുകളിൽ നിന്ന് അജൈവമാലിന്യം ശേഖരിക്കുന്നതിനിടെ ഏറാമല പഞ്ചായത്ത് ഹരിതസേനാംഗങ്ങൾക്ക് പണമടങ്ങിയ ചെറിയ സഞ്ചി കിട്ടി. ഓർക്കാട്ടേരി ടൗണിനുസമീപത്തെ ഒരു വീടിനുപിറകിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യക്കെട്ടുകൾക്കൊപ്പമാണ് പ്ലാസ്റ്റിക് സഞ്ചിയിൽ നാാണയത്തുട്ടുകളും നോട്ടുകളും ഉൾപ്പെടെയുള്ള പണം കണ്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം.

ഹരിതസേനാംഗങ്ങളായ സുശീല വട്ടക്കുനി, ഷീബ പോതുകുറ്റി എന്നിവർ ഉടൻതന്നെ വീട്ടുകാരെ വിവരം അറിയിച്ചു. പണം തങ്ങളുടേതല്ലെന്ന് വീട്ടുകാർ വ്യക്തമാക്കിയതോടെ എടച്ചേരി പോലീസിൽ വിവരം നൽകി. പോലീസ് പണം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ 7113 രൂപയുണ്ടെന്ന് വ്യക്തമായി. പണം മോഷ്ടാക്കൾ ഉപേക്ഷിച്ചതാണോ, അല്ലെങ്കിൽ വെച്ചുമറന്നതോ ആണെന്ന സംശയത്തിലാണ് പോലീസ്.

ഏതാനും ദിവസം മുമ്പ് ഓർക്കാട്ടേരി കൂമുള്ളി ക്ഷേത്രത്തിലെയും മറ്റൊരു ഇല്ലത്തെയും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. മഞ്ഞത്തുണിയിൽ പൊതിഞ്ഞ നിലയിലാണ് പണം ഉണ്ടായിരുന്നത്. എടച്ചേരി പോലീസ് അന്വേഷണം തുടങ്ങി. മാലന്യത്തിനൊപ്പം കിട്ടിയ പണം പോലീസിനെ ഏൽപ്പിക്കുന്നതിൽ ജാഗ്രത കാണിച്ച ഹരിതസേനാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്കരൻ അനുമോദിച്ചു.