വാണിമേൽ: വിലകുറച്ച് പഴവർഗങ്ങൾ വിൽപ്പനനടത്തുന്നതിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തുന്നതായി ആക്ഷേപം. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിയിലാണ് വാഹനങ്ങളിൽ വിലകുറച്ച് പഴവർഗങ്ങൾ വിൽക്കുന്നവർക്ക് വിലക്കേർപ്പെടുത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ഭൂമിവാതുക്കൽ അങ്ങാടിയിൽ പഴവർഗങ്ങൾ വിൽക്കാനെത്തിയ കുറ്റ്യാടി സ്വദേശിയായ കച്ചവടക്കാരന് ഒട്ടേറേ തവണയാണ് വിൽപ്പനയ്ക്കിടെ പ്രയാസം നേരിട്ടത്.

കച്ചവടക്കാരും പോലീസുമാണ് വിൽപ്പന മുടക്കുന്നതെന്നാണ് ആരോപണം. ആപ്പിൾ, പൈനാപ്പിൾ, മുസമ്പി, വത്തക്ക, മുന്തിരി തുടങ്ങിയവ ഗുഡ്‌സ് ഓട്ടോയിലും ചെറിയ ലോറികളിലുമായി ഭൂമിവാതുക്കൽ അങ്ങാടിയിൽ വിൽക്കുന്നവർക്കാണ് പ്രയാസമുണ്ടാകുന്നത്. കിലോഗ്രാമിന് 10 മുതൽ 20 രൂപവരെ വിലക്കുറവിലാണ് വിൽപ്പനനടത്തുന്നത്.

ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പഴവർഗങ്ങൾ ഒന്നിച്ചെടുക്കുന്ന സംഘമാണ് അങ്ങാടികൾ കേന്ദ്രീകരിച്ച് വിലകുറച്ച് വിൽപ്പന നടത്തുന്നത്. ജനം ഒന്നിച്ച് ഇവരെ പൊതിയുന്ന കാഴ്ചയാണ് ഭൂമിവാതുക്കൽ അങ്ങാടിയിൽ കാണുന്നത്. തങ്ങളുടെ കച്ചവടം കുറഞ്ഞതോടെയാണ് കച്ചവടക്കാർ സംഘടിതമായി വാഹനത്തിലെ വിൽപ്പനക്കാർക്കെതിരേ രംഗത്തെത്തുന്നത്.