കൊടിയത്തൂർ:തോട്ടുമുക്കം ചെറുപുഴയിൽ ചെറുകിട ജലസേചന വകുപ്പ് നിർമിച്ച തടയണയുടെ ഷട്ടർ സാമൂഹികദ്രോഹികൾ തുറന്നുവിട്ടു.

കൊടിയത്തൂർ പഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമമുള്ള മടാമ്പി, തരിയോട്, തോട്ടുമുക്കം, ദേവസ്വംകാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന രണ്ട് കുടിവെള്ളപദ്ധതികളുടെ കിണറുകൾ ഈ പുഴയിലാണ്. കൂടാതെ ഈപ്രദേശങ്ങളിലെ കൃഷിക്കാർ ജലസേചനത്തിനായും ഈ തടയണയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.

തടയണയുടെ ഷട്ടർ തുറന്നുവിട്ടതോടെ പുഴയിലെയും കുടിവെള്ളകിണറുകളിലെയും വെള്ളം പൂർണമായും ഇല്ലാതായി. വെള്ളിയാഴ്ച രാത്രിയാണ് വെള്ളം തുറന്നുവിട്ടത്.

കുടിവെള്ളപദ്ധതിയുടെ കിണറിനു സമീപം സാമൂഹികദ്രോഹികൾ മലമൂത്രവിസർജനം നടത്തിയും മാലിന്യം നിക്ഷേപിച്ചും മലിനമാക്കിയിട്ടുമുണ്ട്.

അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ളപദ്ധതിയാണിത്. ചിലർ മീൻപിടിക്കാൻവേണ്ടിയാണ് ബണ്ട് തുറന്നുവിട്ടതെന്നാണ് സംശയിക്കുന്നത്.

കുറ്റക്കാർക്കെതിരേ നിയമനടപടിക്കു ഒരുങ്ങുകയാണ് നാട്ടുകാർ. ഇതിനായി ജില്ലാ കലക്ടർ, പോലീസ്, ഗ്രാമപ്പഞ്ചായത്ത്, ഇറിഗേഷൻ അധികാരികൾക്ക് പരാതിനൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.

ജനങ്ങളുടെ കുടിവെള്ളംമുട്ടിച്ച നടപടിയിൽ കർഷകസംഘം തോട്ടുമുക്കം യൂണിറ്റ് പ്രതിഷേധിച്ചു. കുടിവെള്ളപദ്ധതിയുടെ കിണറിനു മേഖലാ കമ്മിറ്റി പ്രസിഡന്റ് പി.വി. ജോണി, സന്തോഷ് സെബാസ്റ്റ്യൻ, കെ.എസ്. ഖാദർ, സിനോയി പി. ജോയി, ജോസ് വെള്ളപ്ലാക്കൽ തുടങ്ങിയവർ സംസാരിച്ചു.