പെരുവണ്ണാമൂഴി: പട്ടയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുതുകാട് സ്വദേശികൾ ചക്കിട്ടപാറ വില്ലേജ് ഓഫീസ് പുതിയ പൂട്ടിട്ടുപൂട്ടി. തുടർന്ന് പെരുവണ്ണാമൂഴി പോലീസെത്തി പൂട്ടുതകർത്താണ് ജീവനക്കാർ അകത്ത് പ്രവേശിച്ചത്. ഇതിനുശേഷം ചൊവ്വാഴ്ച രാത്രിവരെ ഓഫീസിനുമുന്നിൽ കുത്തിയിരിപ്പും നടത്തി. മുതുകാട് വളയത്ത് ജോസഫ് (പാപ്പച്ചൻ), ലക്ഷ്മി മുഞ്ഞക്കുന്നേൽ എന്നിവരാണ് സമരംനടത്തിയത്. പാപ്പച്ചൻ കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണിയും മുഴക്കി.

34 വർഷത്തോളമായി മുതുകാട് നാലാം ബ്ലോക്ക് പുഷ്പഗിരി മേഖലയിൽ താമസിക്കുന്നവരാണ് സമരത്തിന് എത്തിയത്. കൈവശഭൂമിക്ക് പട്ടയം നൽകണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർക്കും കളക്ടർക്കും 2017 മുതൽ ഇവർ നിവേദനം നൽകിയിരുന്നു. നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങിയത്.

ഓഫീസ് അടച്ചിട്ടും രാത്രിയിലും വില്ലേജ് ഓഫീസിന് മുന്നിൽ പാപ്പച്ചൻ സമരം തുടർന്നു. ഇതോടെ കൊയിലാണ്ടി തഹസിൽദാർ ഡി.പി. അനിയും പെരുവണ്ണാമൂഴി എസ്.ഐ. എം.എൻ. ബിജോയിയും സ്ഥലത്തെത്തി ചർച്ചനടത്തി. എ.ഡി.എമ്മുമായും ടെലഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ആറിന് എ.ഡി.എമ്മിന്റെ ചേംബറിൽ വിഷയം ചർച്ചനടത്താൻ തീരുമാനമായി. ഇക്കാര്യം രേഖാമൂലം പാപ്പച്ചനെ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കെ.പി. അസീസും കർഷകസംഘടനനേതാക്കളും ചർച്ചയിൽ പങ്കെടുത്തു.

പാപ്പച്ചന് നേരത്തേ 50 സെന്റിന് പട്ടയം ലഭിച്ചതാണ്. ശേഷിച്ച കൈവശഭൂമിക്കും പട്ടയം നൽകണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. സർക്കാരിന്റെ പ്രത്യേക ഉത്തരവുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ഭൂമി നൽകാൻ കഴിയൂവെന്നാണ് വില്ലേജ് ഓഫീസർ സാഫി ഫിലിപ്പ് വ്യക്തമാക്കിയത്. ലക്ഷ്മി 95 സെന്റ് കൈവശം വെച്ചുവരുന്നുണ്ട്. ഇവർക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. മറ്റു ഒട്ടേറെ പേർക്കും പട്ടയം ലഭിക്കാനുണ്ടെന്നാണ് പറയുന്നത്.