കൊടിയത്തൂർ: മുഹമ്മദ് അബ്ദുറഹിമാൻസ്മാരക പ്രാഥമികാരോഗ്യകേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം ഒരുങ്ങുന്നു. വർഷങ്ങമായി ആശുപത്രി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. 25 ലക്ഷം ചെലവുവരുന്ന പുതിയ ഔട്ട് പേഷ്യന്റ് ബ്ലോക്കാണ് നിർമിക്കുന്നത്.

പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ് നിർമാണം. ഇതിനായി റിലീഫ് ആൻഡ്‌ ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ 18 ലക്ഷം രൂപ സംഭാവനയായി നൽകിയിട്ടുണ്ട്. ബാക്കി 7 ലക്ഷം രൂപ പഞ്ചായത്ത് പൊതുജനങ്ങളിൽനിന്ന് സമാഹരിക്കും.

പുതിയ കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, ഫാർമസിറൂം, ഡ്രസ്സിങ്‌ റൂം, രോഗികൾക്കും കൂട്ടുവന്നവർക്കും ഇരിക്കുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കും. കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. ഭാവിയിൽ കെട്ടിടം ആറുനിലവരെ ഉയർത്താൻ കഴിയുംവിധമാണ് അടിത്തറ ഉറപ്പിച്ചിട്ടുള്ളത്.

മൂന്നുമാസത്തിനകം പ്രവൃത്തി പൂർത്തീകരിച്ച് ആശുപത്രി നാട്ടുകാർക്കായി തുറന്നുകൊടുക്കാനാവുമെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ പ്രതീക്ഷയെന്ന് പ്രസിഡൻറ്്‌ സി.ടി.സി. അബ്ദുള്ള പറഞ്ഞു.

പി.എച്ച്.സി.യിലെ ജീർണാവസ്ഥയിലായ ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് പൊളിച്ച സ്ഥലത്താണ് നിർമാണം. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തി നടക്കുന്നത്.

പുതുതായി ലബോറട്ടറി പ്രവർത്തനം ആരംഭിച്ചതോടെ മുന്നൂറിലേറെ പാവപ്പെട്ട രോഗികളാണ് ദിനേന ചികിത്സ തേടിയെത്തുന്നത്. തിരക്കുമൂലം ഒരു ഫാർമസിസ്റ്റ്, ഒരു നഴ്സ് എന്നിവരെകൂടി അധികമായി നിയമിച്ചിട്ടുണ്ട്

പുതിയ ബ്ളോക്ക് നിർമാണം പൂർത്തിയാകുമ്പോൾ ഏറ്റവും പഴക്കമുള്ള ജീർണിച്ച ഓടിട്ട കെട്ടിടം പൊളിച്ചുമാറ്റാനാണ് കമ്മിറ്റി ആലോചിക്കുന്നത്. അതോടെ ആശുപത്രിക്ക് വിശാലമായ സൗകര്യം ഒരുക്കാനാകും.

രോഗികളുടെ തിരക്കുപരിഗണിച്ച് ഞായറാഴ്ചകളിലും ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടം പൂർത്തിയാകുന്നതോടെ രോഗികൾക്ക് വലിയ അനുഗ്രഹമാകും.